വാഷിങ്ടണ്‍: ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന് എതിരായ അഴിമതിക്കേസ് രാഷ്ട്രീയ വേട്ടയാണെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. നെതന്യാഹു യുദ്ധ ഹീറോയാണെന്നും ഇറാന്റെ ആണവപദ്ധതികള്‍ ഇല്ലാതാക്കാന്‍ യുഎസിനെ സഹായിച്ച ആളാണെന്നും ട്രംപ് പറഞ്ഞു.
''ഇസ്രായേല്‍ പ്രധാനമന്ത്രിയെ ഒരു കോടതിമുറിയില്‍ ദിവസം മുഴുവന്‍ ഇരിക്കാന്‍ നിര്‍ബന്ധിക്കുന്നത് എങ്ങനെയാണ് ?. ഇത് ഒരു രാഷ്ട്രീയ വേട്ടയാണ്... നീതിയുടെ ഈ പരിഹാസം ഹമാസുമായുള്ള ചര്‍ച്ചകളെ തടസ്സപ്പെടുത്തും.....ഇസ്രായേലിനെ സംരക്ഷിക്കുന്നതിനും പിന്തുണയ്ക്കുന്നതിനുമായി അമേരിക്ക പ്രതിവര്‍ഷം കോടിക്കണക്കിന് ഡോളര്‍ ചെലവഴിക്കുന്നു, മറ്റേതൊരു രാജ്യത്തേക്കാളും വളരെ കൂടുതലാണ് അത്. ഞങ്ങള്‍ ഈ കേസിനെ അംഗീകരിക്കുന്നില്ല. ഈ കേസ് ഞങ്ങളുടെ വിജയത്തെ കളങ്കപ്പെടുത്തുന്നു. ബീബിയെ വിടൂ.. അദ്ദേഹത്തിന് വലിയ ജോലി ചെയ്യാനുണ്ട്''- ട്രംപ് കൂട്ടിച്ചേര്‍ത്തു.
നെതന്യാഹുവിനെതിരെ ഇസ്രായേലില്‍ നിരവധി അഴിമതിക്കേസുകളുണ്ട്. കൈക്കൂലി, വഞ്ചന, വിശ്വാസ വഞ്ചന എന്നീ കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്. കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍ 10 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാം.