ഫലസ്തീനികളെ കൂട്ടക്കൊല ചെയ്യാന്‍ യുഎസ് കൊടുത്തയച്ച ഹെവി ബോംബുകള്‍ ഇസ്രായേലില്‍ എത്തി
തെല്‍അവീവ്: ഫലസ്തീനികളെ കൂട്ടക്കൊല ചെയ്യാനും കെട്ടിടങ്ങള്‍ തകര്‍ക്കാനും യുഎസ് കൊടുത്തയച്ച ഹെവി ബോംബുകള്‍ ഇസ്രായേലില്‍ എത്തി. 2000 പൗണ്ട് തൂക്കം വരുന്ന എംകെ-84 ബോംബുകളാണ് ഇസ്രായേല്‍ സൈന്യത്തിന്റെ കൈയ്യില്‍ എത്തിയിരിക്കുന്നത്. ഏകദേശം 20000 ബോംബുകളും 3000 മിസൈലുകളുമാണ് എത്തിച്ചിരിക്കുന്നത്. കൂടാതെ ഇവ ഉപയോഗിക്കാനുള്ള വിമാനങ്ങളും വ്യോമപ്രതിരോധ സംവിധാനങ്ങളും വെടിയുണ്ടകളും എത്തിച്ചിട്ടുണ്ട്.
ജോ ബൈഡന്‍ യുഎസ് പ്രസിഡന്റായിരുന്ന കാലത്ത് ഈ ബോംബുകള്‍ ഇസ്രായേലിന് നല്‍കിയിരുന്നു. പിന്നീട് വിലക്കി. എന്നാല്‍, ട്രംപ് അധികാരത്തില്‍ വന്നതോടെ നിരോധനം നീക്കി. ബോംബ് എത്തിയെന്നും സൈന്യത്തിന്റെ ശക്തിയേറിയെന്നും ഇസ്രായേല്‍ യുദ്ധമന്ത്രി ഇസ്രായേല്‍ കാറ്റ്‌സ് പറഞ്ഞു.
ലക്ഷ്യകേന്ദ്രീകൃത സംവിധാനമില്ലാത്ത ബോംബാണിത്. വലിയ സ്‌ഫോടനവും നാശവുമുണ്ടാക്കാന്‍ ഉദ്ദേശിച്ചാണ് യുഎസ് ഈ ബോംബ് നിര്‍മിക്കുന്നത്. ബോംബിന്റെ തൂക്കത്തിന്റെ 45 ശതമാനവും സ്‌ഫോടകവസ്തുക്കളാണ്. വിയറ്റ്‌നാം അധിനിവേശത്തിലും ഗള്‍ഫ് യുദ്ധകാലത്തും ഇറാഖ്, അഫ്ഗാന്‍ അധിനിവേശത്തിലും ഈ ബോംബ് യുഎസ് ഉപയോഗിച്ചിട്ടുണ്ട്. 2014ലെ ഗസ അധിനിവേശത്തില്‍ ഇസ്രായേലും ഉപയോഗിച്ചു. യെമനിലെ ഹൂത്തികള്‍ക്കെതിരെ സൗദിയും ഉപയോഗിച്ചതായി റിപോര്‍ട്ടുണ്ട്. 2023ന് ശേഷം ലബ്‌നാനിലും ഗസയിലും ഇസ്രായേല്‍ നിരവധി തവണ ഈ ബോംബ് ഉപയോഗിച്ചു.