ആഫ്രിക്കന്‍ വംശജയെ വെടിവച്ചു കൊന്ന വെള്ളക്കാരനായ പോലിസുകാരന് ഒരു ദിവസം തടവ് മതിയെന്ന് യുഎസ് സര്‍ക്കാര്‍
കെന്റക്കീ: ആഫ്രിക്കന്‍-അമേരിക്കന്‍ വംശജയെ വെടിവച്ചു കൊന്ന വെള്ളക്കാരനായ പോലിസ് ഓഫിസറെ ഒരു ദിവസം തടവിന് ശിക്ഷിച്ചാല്‍ മതിയെന്ന് യുഎസ് ഭരണകൂടം. 2020 മാര്‍ച്ച് 13ന് ആഫ്രിക്കന്‍-അമേരിക്കന്‍ വംശജയായ മെഡിക്കല്‍ ബ്രിയോണ ടെയ്‌ലറെ സ്വന്തം വീട്ടിലിട്ട് വെടിവച്ചു കൊന്ന ബ്രാറ്റ് ഹാന്‍കിസണെ കാര്യമായി ശിക്ഷിക്കരുതെന്നാണ് യുഎസ് ഭരണകൂടം കോടതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ജീവപര്യന്തം തടവുശിക്ഷ വരെ ലഭിക്കാവുന്ന കുറ്റം ബ്രാറ്റ് ചെയ്‌തെന്ന് ഫെഡറല്‍ കോടതി കണ്ടെത്തിയിരുന്നു. ഇതിന്റെ ശിക്ഷയില്‍ വാദം നടക്കുമ്പോഴാണ് യുഎസ് സര്‍ക്കാര്‍ നിലപാട് അറിയിച്ചിരിക്കുന്നത്.
ബ്രാറ്റ് ഹാന്‍കിസണ്‍
നിയമത്തിനു കീഴില്‍ തുല്യ നീതിയില്‍ വിശ്വസിക്കുന്ന ഓരോ അമേരിക്കക്കാരും ഇതില്‍ പ്രതിഷേധിക്കണമെന്ന് ടെയ്ലര്‍ കുടുംബത്തെ പ്രതിനിധീകരിക്കുന്ന അഭിഭാഷകര്‍ പറഞ്ഞു. 'ഒരു ദിവസം മാത്രം ജയിലില്‍ കിടക്കാന്‍ ശുപാര്‍ശ ചെയ്യുന്നത് വെള്ളക്കാരായ ഉദ്യോഗസ്ഥര്‍ക്ക് കറുത്ത അമേരിക്കക്കാരുടെ പൗരാവകാശങ്ങള്‍ ലംഘിക്കാന്‍ കഴിയുമെന്ന സന്ദേശമാണ് നല്‍കുന്നതെന്നും അഭിഭാഷകര്‍ പറഞ്ഞു.
2020 മാര്‍ച്ച് 13ന്, യൂണിഫോം ധരിക്കാതെ വീട്ടില്‍ അതിക്രമിച്ചു കയറിയ പോലിസുകാരെ ബ്രിയോണ ടെയ്‌ലറുടെ ആണ്‍സുഹൃത്ത് നേരിട്ടിരുന്നു. തുടര്‍ന്ന് പോലിസുകാര്‍ വീടിനകത്തേക്ക് 32 തവണ വെടിവച്ചു. ബ്രാറ്റ് ഹാന്‍കിസണ്‍ പത്തു തവണയാണ് വെടിവച്ചത്. അയാളുടെ വെടിയേറ്റാണ് ടെയ്‌ലര്‍ മരിച്ചത്. ആളെ കാണാതെ കാഞ്ചി വലിച്ചത് വലിയ തെറ്റാണെന്ന് കോടതി വ്യക്തമാക്കിയിരുന്നു.
