യുഎസ് കോണ്‍ഗ്രസില്‍ ഇസ്രായേലിന് നിയന്ത്രണം നഷ്ടപ്പെടുന്നു : ഡോണള്‍ഡ് ട്രംപ്
വാഷിങ്ടണ്‍: യുഎസ് കോണ്‍ഗ്രസില്‍ ഇസ്രായേലിന് നിയന്ത്രണം നഷ്ടപ്പെടുകയാണെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഈ ചരിത്രഗതിയെ കുറിച്ച് തനിക്ക് അറിവുണ്ടെന്നും ഇക്കാര്യം ഇസ്രായേല്‍ കൂടി മനസിലാക്കണമെന്നും ഡെയ്‌ലി കോളറിന് നല്‍കിയ അഭിമുഖത്തില്‍ ട്രംപ് പറഞ്ഞു. യുഎസിന്റെ പ്രസിഡന്റുമാരില്‍ ഇസ്രായേലിന് ഏറ്റവുമധികം പിന്തുണ നല്‍കിയ ആള്‍ ഞാനാണ്. അവര്‍ക്ക് വേണ്ടി ഇറാനെ വരെ ആക്രമിച്ചു. പക്ഷേ, ഒരു കാര്യം മനസിലാക്കണം. 20 വര്‍ഷം മുമ്പ് ഇസ്രായേലിന് യുഎസ് കോണ്‍ഗ്രസിലുണ്ടായിരുന്ന സ്വാധീനം ഇപ്പോളില്ല. ഏതെങ്കിലും കമ്പനിയോ കുത്തക കമ്പനിയോ രാജ്യമോ ആവട്ടെ ഇസ്രായേലിനുള്ള സ്വാധീനം ആര്‍ക്കുമുണ്ടായിരുന്നില്ല. അത് ചരിത്രം മാത്രമാണ്. യുഎസ് കോണ്‍ഗ്രസ് അംഗങ്ങള്‍ ഒക്ടോബര്‍ ഏഴ് (തൂഫാനുല്‍ അഖ്‌സ) മറക്കുന്നു. ഒക്ടോബര്‍ ഏഴ് പൈശാചികമായിരുന്നു. ഇസ്രായേല്‍ എന്നെ അതിന്റെ ചിത്രങ്ങള്‍ കാണിച്ചു. ഇസ്രായേല്‍ ചിലപ്പോള്‍ യുദ്ധം ജയിക്കുന്നുണ്ടാവാം. പക്ഷേ, അവര്‍ ലോകവുമായുള്ള ബന്ധം മുറിക്കുകയാണ്. അത് അവരെ പ്രതികൂലമായി ബാധിക്കുമെന്നും ട്രംപ് പറഞ്ഞു. ചരിത്രപരമായി ഇസ്രായേലിന് പിന്തുണ നല്‍കുന്ന റിപ്പബ്ലിക്കന്‍മാര്‍ വരെ ഇപ്പോള്‍ ഇസ്രായേല്‍ വിരുദ്ധ നിലപാടാണ് സ്വീകരിക്കുന്നത്. ട്രംപിന്റെ അടുത്തസുഹൃത്തായ റിപ്പബ്ലിക്കന്‍ സെനറ്റര്‍ മര്‍ജരി ടെയ്‌ലര്‍ ഗ്രീനി വരെ ഗസയില്‍ ഇസ്രായേല്‍ വംശഹത്യ നടത്തുകയാണെന്ന് പറയുകയുണ്ടായി.