''ഇലോണ്‍ മസ്‌കിനെ യുഎസ് നാടു കടത്തുമോ ?'' നമുക്ക് നോക്കാമെന്ന് ട്രംപ്

Update: 2025-07-01 14:17 GMT

വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ടെസ്‌ല ചെയര്‍മാന്‍ ഇലോണ്‍ മസ്‌കും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പുതിയതലത്തിലേക്ക്. ഇലോണ്‍ മസ്‌കിനെ നാടു കടത്തുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് തനിക്ക് ഇപ്പോള്‍ അറിയില്ലെന്നും നമുക്ക് നോക്കാമെന്നും ട്രംപ് മറുപടി പറഞ്ഞു. തന്റെ പുതിയ നികുതി നിയമങ്ങള്‍ പ്രാബല്യത്തില്‍ വന്നാല്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്കുള്ള സബ്‌സിഡികള്‍ വലിയ തോതില്‍ കുറയുമെന്നും ട്രംപ് പറഞ്ഞു.

യുഎസ് സര്‍ക്കാരിന്റെ ചെലവുകള്‍ വെട്ടിക്കുറയ്ക്കാനുള്ള ഡോജ് സംവിധാനത്തിന്റെ മേധാവിയായിരുന്നു ഇലോണ്‍ മസ്‌ക്. പ്രസിഡന്റായ ഉടന്‍ ട്രംപാണ് മസ്‌കിനെ ഈ പദവിയില്‍ നിയമിച്ചത്. ഡോജ് സംവിധാനം മസ്‌കിന് എതിരെ വരുന്ന സമയമാണ് ഇതെന്ന് ട്രംപ് പറഞ്ഞു. ''ഡോജ് ഒരു രാക്ഷസനാണ്, അത് മസ്‌കിനെയും ഭക്ഷിച്ചേക്കാം.''-ട്രംപ് വിശദീകരിച്ചു. ''ലോക ചരിത്രത്തില്‍ ഏറ്റവും അധികം സബ്‌സിഡി ലഭിച്ചയാളാണ് മസ്‌ക്. സബ്‌സിഡികള്‍ ഇല്ലെങ്കില്‍ ട്രംപ് കട പൂട്ടി സൗത്ത് ആഫ്രിക്കയില്‍ പോവേണ്ടി വരും. റോക്കറ്റ് വിക്ഷേപണം നിര്‍ത്തിയാല്‍, ഇലക്ട്രിക് കാര്‍ നിര്‍മാണം നിര്‍ത്തിയാല്‍, യുഎസിന് വലിയ ലാഭമുണ്ടാവും. ''-ട്രംപ് ചില സൂചനകള്‍ നല്‍കി.

കഴിഞ്ഞ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ട്രംപിന്റെ പ്രധാന സഹായിയായിരുന്നു മസ്‌ക്. പുതിയ സര്‍ക്കാര്‍ വന്നപ്പോഴും മസ്‌കിന് വലിയ പ്രാധാന്യം ലഭിച്ചു. എന്നാല്‍, നികുതി സംബന്ധിച്ച ട്രംപിന്റെ

വണ്‍ ബിഗ് ബ്യൂട്ടിഫ്യുള്‍ ആക്ടോടെ ഇരുവരും തമ്മില്‍ പ്രശ്‌നങ്ങളുണ്ടായി. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ ലൈംഗികമായി ഉപയോഗിച്ചെന്ന കേസിലെ പ്രതിയായ ജെഫ്‌റി എപ്‌സ്റ്റൈനുമായി ബന്ധപ്പെട്ട കേസിലെ ഫയലുകള്‍ പുറത്തുവിടാത്തതിന് കാരണം ട്രംപിന് അതില്‍ പങ്കുള്ളതു കൊണ്ടാണെന്നും മസ്‌ക് ആരോപിച്ചിരുന്നു.