മുദ്ദബല്ലിയില്‍ തൊട്ടുകൂടായ്മ ഒഴിവാക്കാന്‍ ധാരണ; ബാര്‍ബര്‍ ഷോപ്പുകള്‍ തുറന്നു

Update: 2025-05-11 01:45 GMT
മുദ്ദബല്ലിയില്‍ തൊട്ടുകൂടായ്മ ഒഴിവാക്കാന്‍ ധാരണ; ബാര്‍ബര്‍ ഷോപ്പുകള്‍ തുറന്നു

ബംഗളൂരു: ദലിതര്‍ മുടിവെട്ടാന്‍ എത്തിയതിനെ തുടര്‍ന്ന് പൂട്ടിയ കര്‍ണാടകത്തിലെ കൊപ്പല്‍ ജില്ലയിലെ മുദ്ദബല്ലി ഗ്രാമത്തിലെ ബാര്‍ബര്‍ ഷോപ്പുകള്‍ തുറന്നു. പോലിസിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും മധ്യസ്ഥയില്‍ പ്രദേശത്തെ ഉയര്‍ന്ന ജാതിക്കാരും ദലിതരും തമ്മിലുണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിലാണ് കടകള്‍ തുറന്നത്. പൂട്ടിയിട്ട ചില ഹോട്ടലുകളും തുറന്നു. ഡിജിറ്റല്‍ കാലത്ത് ഇത്തരം സാമൂഹിക തിന്മകള്‍ പാടില്ലെന്നാണ് പോലിസ് ഉയര്‍ന്ന ജാതിക്കാരെ അറിയിച്ചത്. പോലിസും ഗ്രാമീണരും ചേര്‍ന്ന് പൊതുസമ്മേളനവും നടത്തി. അതില്‍ അവരെല്ലാം കൂടി അയിത്തത്തിനും തൊട്ടുകൂടായ്മക്കും എതിരെ പ്രതിജ്ഞ എടുത്തു. അതിന് ശേഷമാണ് കടകള്‍ തുറന്നത്. ദലിത് വിഭാഗക്കാരുടെ മുടിയും വെട്ടി.

''ഞങ്ങള്‍ മുദ്ദബല്ലി ഗ്രാമത്തില്‍ പോയി. എല്ലാവരോടും തുല്യമായി പെരുമാറണമെന്ന് അഭ്യര്‍ത്ഥിച്ചു. ചെറിയ തര്‍ക്കങ്ങള്‍ ഉണ്ടാവുകയാണെങ്കില്‍ മുതിര്‍ന്നവര്‍ ഇടപെട്ട് പരിഹരിക്കണമെന്ന് അഭ്യര്‍ത്ഥിച്ചു.''-കൊപ്പല്‍ ജില്ലാ ഭരണകൂടത്തിലെ ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു. എന്നാല്‍, അല്‍പ്പസമയത്തിന് ശേഷം ചില ഹോട്ടലുകള്‍ പഴയ നിലപാടിലേക്ക് തിരിച്ചുപോയെന്നും റിപോര്‍ട്ടുകള്‍ പറയുന്നു.

Similar News