തിരുവനന്തപുരത്തെ കൊലപാതക പരമ്പര; അഫാന് സാമ്പത്തിക പ്രതിസന്ധിയുണ്ടെന്ന് എസ്പി
തിരുവനന്തപുരം: വെഞ്ഞാറമൂടില്‍ അഞ്ചുപേരെ കൊലപ്പെടുത്തിയ അഫാന് സാമ്പത്തികപ്രതിസന്ധിയുള്ളതായി സംശയിക്കുന്നതായി റൂറല്‍ എസ്പി സുദര്‍ശന്‍. ഇന്നലെ രാവിലെ പത്തിനും വൈകീട്ട് ആറിനുമിടയ്ക്കാണ് കൊലപാതകങ്ങള്‍ നടന്നതെന്നും അദ്ദേഹം പറഞ്ഞു. ഒരേ ആയുധമാണോ എല്ലാ കൊലപാതകങ്ങള്‍ക്കും ഉപയോഗിച്ചത് എന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും സുദര്‍ശന്‍ പറഞ്ഞു.
പാങ്ങോട് പേരുമലയിലെ അഫാന്റെ വീട്ടില്‍ നിന്ന് 25 കിലോമീറ്റര്‍ അകലെ താമസിക്കുന്ന മുത്തശ്ശി സല്‍മാബീവിയെ ആണ് ആദ്യം കൊലപ്പെടുത്തിയത്. പിന്നീട് പുല്ലമ്പാറ എസ്എന്‍ പുരത്ത് പിതൃസഹോദരന്‍ അബ്ദുല്‍ ലത്തീഫ്, ഭാര്യ സജിതാബീവി എന്നിവരെ കൊലപ്പെടുത്തി. ഇതിന് ശേഷം പേരുമല ആര്‍ച്ച് ജംക്ഷനിലെ സ്വന്തം വീട്ടിലെത്തി സഹോദരന്‍ അഹ്‌സാന്‍, സ്വന്തം പെണ്‍സുഹൃത്ത് ഫര്‍സാന എന്നിവരെ കൊലപ്പെടുത്തി. അമ്മ ഷമിയെ തലയ്ക്കടിച്ചു ഗുരുതരമായി പരുക്കേല്‍പിച്ചു. അഞ്ചലിലെ കോളജില്‍ ബിഎസ്‌സി കെമസ്ട്രി വിദ്യാര്‍ഥിനിയാണ് ഫര്‍സാന. ഫര്‍സാന വീട്ടില്‍ നിന്നിറങ്ങിയത് തിങ്കളാഴ്ചയാണെന്നും സ്ഥിരീകരണം വന്നിട്ടുണ്ട്.