ത്രിപുരയിലെ ഉനകോടിയില്‍ വര്‍ഗീയ സംഘര്‍ഷം; പള്ളി തകര്‍ത്തു, ഇന്റര്‍നെറ്റ് ബന്ധം വിഛേദിച്ചു

Update: 2026-01-11 07:18 GMT

അഗര്‍ത്തല: ത്രിപുരയിലെ ഉനകോടിയില്‍ വര്‍ഗീയ സംഘര്‍ഷം. റോഡിലൂടെ പോവുന്നവരില്‍ നിന്നും ശിവക്ഷേത്ര നിര്‍മാണത്തിന് പിരിവ് ചോദിച്ചതാണ് സംഘര്‍ഷത്തിന് കാരണമെന്ന് റിപോര്‍ട്ടുകള്‍ പറയുന്നു. സംഘര്‍ഷത്തില്‍ ആറുപേര്‍ക്ക് പരിക്കേറ്റു. നിരവധി വീടുകളും കടകളും ഒരു പള്ളിയും അക്രമികള്‍ തകര്‍ത്തു. സൈദാര്‍പാറില്‍ ഒരു മരവണ്ടി തടഞ്ഞ് ക്ഷേത്രത്തിന് പിരിവ് ചോദിച്ചതാണ് സംഘര്‍ഷത്തിന്റെ തുടക്കമെന്ന് മുതിര്‍ന്ന പോലിസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. മരക്കച്ചവടക്കാരനായ മസാബിര്‍ അലിയെ മരവണ്ടിയുടെ ഡ്രൈവര്‍ വിളിച്ചുവരുത്തി. ക്ഷേത്രത്തിനുള്ള തുക നല്‍കിയതാണെന്ന് മസാബിര്‍ അലി പിരിവുകാരെ അറിയിച്ചു. എന്നാല്‍, അവര്‍ പണം ആവശ്യപ്പെട്ടു. ഇതിന് പിന്നാലെ തര്‍ക്കം രൂപപ്പെട്ടു. പിരിവുകാര്‍ അലിയെയും ഡ്രൈവറെയും ആക്രമിച്ചു. വാര്‍ത്ത പരന്നതോടെ മസാബിര്‍ അലിയെ പിന്തുണക്കുന്നവര്‍ സ്ഥലത്ത് എത്തി. ഇതിന് പിന്നാലെ മസാബിറിന്റെ മരസ്ഥാപനം അക്രമികള്‍ തീയിട്ടു. അവിടെ നിന്നുള്ള തീ നിരവധി വീടുകളിലേക്കും പടര്‍ന്നു. അതിന് ശേഷം അക്രമികള്‍ പള്ളിയും നശിപ്പിച്ചു. അക്രമികളെ നേരിടാന്‍ കൂടുതല്‍ പോലിസ് സ്ഥലത്തെത്തി. അസം റൈഫിള്‍, സിആര്‍പിഎഫ്, ബിഎസ്എഫ്, ത്രിപുര സ്റ്റേറ്റ് റൈഫിള്‍ സൈനികരെയും പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. കൂടാതെ നിരോധനാഞ്ജയും പ്രഖ്യാപിച്ചു. അക്രമസംഭവങ്ങളില്‍ എട്ടുപേരെ അറസ്റ്റ് ചെയ്തതായി പോലിസ് അറിയിച്ചു.