തൃശൂരില്‍ പട്ടാപ്പകല്‍ ബാങ്ക് കൊള്ള; ജീവനക്കാരെ കത്തികാട്ടി ഭീഷണിപ്പെടുത്തി 15 ലക്ഷം കവര്‍ന്നു

Update: 2025-02-14 11:34 GMT

തൃശ്ശൂര്‍: ചാലക്കുടി പോട്ട ഫെഡറല്‍ ബാങ്കിന്റെ ശാഖയില്‍ പട്ടാപ്പകല്‍ മോഷണം. ബാങ്കിലുണ്ടായിരുന്ന രണ്ടു ജീവനക്കാരെ തടഞ്ഞുവെച്ച ശേഷം 15 ലക്ഷം രൂപ കവര്‍ന്നു. ബാങ്കിലുണ്ടായിരുന്ന മാനേജരെയും മറ്റൊരു ജീവനക്കാരനെയും കത്തികാണിച്ച് ഭീഷണിപ്പെടുത്തി ടോയ്‌ലറ്റിനുള്ളില്‍ പൂട്ടിയിട്ട ശേഷമായിരുന്നു മോഷണം. കത്തിയുമായി ബാങ്കിനുള്ളിലേക്ക് കയറിയ മോഷ്ടാവ് പണം എവിടെയാണ് ഇരിക്കുന്നതെന്ന് ചോദിച്ച ശേഷം കസേര ഉപയോഗിച്ച് ക്യാഷ് കൗണ്ടര്‍ തല്ലിപൊളിക്കുകയും ട്രേയില്‍ സൂക്ഷിച്ചിരുന്ന പണം അപഹരിക്കുകയുമായിരുന്നുവെന്നാണ് ജീവനക്കാര്‍ പറയുന്നത്. മോഷ്ടാവ് ഹെല്‍മറ്റ് ധരിച്ചിരുന്നുവെന്നും സംസാരിച്ച ഭാഷ ഏതായിരുന്നുവെന്ന് വ്യക്തമല്ലെന്നും ജീവനക്കാര്‍ പറയുന്നു. പോലിസ് സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. സിസിടിവി ദൃശ്യങ്ങള്‍ ആദ്യഘട്ടത്തില്‍ പരിശോധിച്ചിരുന്നെങ്കിലും മോഷ്ടാവ് ഹെല്‍മറ്റും ഗ്ലൗസും ധരിച്ച നിലയിലായിരുന്നതിനാല്‍ മോഷ്ടാവിനെ സംബന്ധിച്ചുള്ള വിവരങ്ങള്‍ ലഭിച്ചിട്ടില്ല.