കോഴിക്കോട്: വഖ്ഫ് സ്വത്തുക്കള്‍ കേന്ദ്രസര്‍ക്കാരിന്റെ ഉമീദ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാന്‍ മൂന്നുമാസം കൂടി സമയം അനുവദിച്ചു. വഖ്ഫ് ട്രൈബ്യൂണലാണ് ഉത്തരവിറക്കിയത്. വഖ്ഫ് ബോര്‍ഡാണ് ട്രൈബ്യൂണലിനെ സമീപിച്ചത്. നിലവില്‍ പത്ത് ശതമാനം വഖ്ഫ് സ്വത്തുക്കളാണ് കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതെന്ന് ബോര്‍ഡ് ചൂണ്ടിക്കാട്ടി. ഡിസംബര്‍ ആറിനായിരുന്നു പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാനുള്ള അവസാന തീയതി. സൈറ്റ് പ്രശ്‌നങ്ങള്‍ അടക്കമുള്ള സാങ്കേതിക പ്രശ്നങ്ങള്‍ കാരണം നിരവധി സ്വത്തുക്കള്‍ രജിസ്റ്റര്‍ ചെയ്യാന്‍ സാധിച്ചിരുന്നില്ല. കാലാവധി നീട്ടണമെന്ന മുസ്ലിം സംഘടനകളും വിവിധ സ്ഥാപന മാനേജ്മെന്റുകളും ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് വഖ്ഫ് ബോര്‍ഡ് ട്രിബ്യൂണലിനെ സമീപിച്ചത്. ഉമീദ് പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്ത രേഖകള്‍ രണ്ട് മാസത്തിനുള്ളില്‍ വഖ്ഫ് ബോര്‍ഡ് പരിശോധിക്കണമെന്നും ട്രൈബ്യൂണല്‍ നിര്‍ദേശിച്ചു.