സയണിസ്റ്റ് അതിക്രമങ്ങളില്‍ പ്രതിഷേധിച്ച് മാരിബ് പ്രവിശ്യയിലെ ഗോത്രങ്ങള്‍

Update: 2025-09-08 15:06 GMT

സന്‍ആ: യെമനില്‍ ഇസ്രായേലി സൈന്യം നടത്തുന്ന ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് മാരിബ് പ്രവിശ്യയിലെ ഗോത്രങ്ങള്‍. അല്‍ ജുബാഹ്, ബദ്ബദ, മഹ്‌ലിയ ജില്ലകളിലെ ഗോത്രവിഭാഗങ്ങളാണ് വിവിധ പ്രദേശങ്ങളില്‍ സായുധ പ്രതിഷേധ റാലികള്‍ നടത്തിയത്. യെമന്‍(അന്‍സാറുല്ല വിഭാഗം) സര്‍ക്കാരിലെ പ്രധാനമന്ത്രിയേയും മറ്റു മന്ത്രിമാരെയും ഇസ്രായേല്‍ കൊലപ്പെടുത്തിയതില്‍ ഗോത്രങ്ങള്‍ പ്രതിഷേധിച്ചു. ശത്രുക്കള്‍ക്കും അവരുടെ പങ്കാളികള്‍ക്കും കനത്തശിക്ഷ നല്‍കുമെന്ന് യോഗങ്ങള്‍ പ്രമേയം പാസാക്കി. ഗസയ്‌ക്കെതിരായ ആക്രമണങ്ങള്‍ ഇസ്രായേല്‍ നിര്‍ത്തും വരെ സര്‍ക്കാര്‍ ഇസ്രായേലിനെ ആക്രമിക്കുന്നത് തുടരണമെന്നും ഗോത്രങ്ങള്‍ ആവശ്യപ്പെട്ടു. മസ്ജിദുല്‍ അഖ്‌സയുടെയും ഫലസ്തീന്റെയും മോചനത്തിനായുള്ള പോരാട്ടത്തില്‍ പങ്കെടുക്കാനുള്ള തങ്ങളുടെ സന്നദ്ധത അവര്‍ ആവര്‍ത്തിച്ച് പ്രഖ്യാപിച്ചു.


അതേസമയം, യെമന്‍ റിസര്‍വ് ഫോഴ്‌സ് ഏഴാം മിലിറ്ററി റീജ്യണ്‍ ''പ്രവാചകന്റെ നാമത്തില്‍'' എന്ന പേരില്‍ പ്രതീകാത്മക സൈനിക റാലി നടത്തി. ധമാര്‍ പ്രവിശ്യയില്‍ നിന്നും അല്‍ ബയ്ദ പ്രദേശത്തേക്കായിരുന്നു റാലി. യെമന്‍ പതാകകള്‍ക്കൊപ്പം ഫലസ്തീനി പതാകകളും വഹിച്ചാണ് സൈനികര്‍ നീങ്ങിയത്.