കേന്ദ്രസര്‍ക്കാരിന്റെ ത്രിഭാഷ നയം നടപ്പാക്കാത്ത സംസ്ഥാനങ്ങള്‍ക്കെതിരായ ഹരജി തള്ളി
ന്യൂഡല്‍ഹി: ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ ത്രിഭാഷ നയം നടപ്പാക്കാതിരുന്ന തമിഴ്‌നാടിനും കേരളത്തിനും പശ്ചിമബംഗാളിനുമെതിരെ നല്‍കിയ ഹരജി സുപ്രിംകോടതി തള്ളി. തമിഴ്‌നാട്ടില്‍ നിന്നുള്ള ബിജെപി അനുഭാവിയായ അഭിഭാഷകന്‍ ജി എസ് മണി സമര്‍പ്പിച്ച ഹരജിയാണ് ജസ്റ്റിസ് ജെ ബി പര്‍ദിവാല അധ്യക്ഷനായ ബെഞ്ച് തള്ളിയത്. കാവിവല്‍ക്കരിച്ച ദേശീയ വിദ്യാഭ്യാസ നയം പ്രകാരമാണ് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങളോട് ത്രിഭാഷ നയം നടപ്പാക്കാന്‍ ആവശ്യപ്പെട്ടത്. കുട്ടികള്‍ നിര്‍ബന്ധമായും ഹിന്ദിയും ഇംഗ്ലീഷും പഠിക്കണം എന്നതായിരുന്നു വ്യവസ്ഥ.
കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങള്‍ ഏറ്റെടുക്കാന്‍ സംസ്ഥാനങ്ങളോട് പറയാന്‍ സുപ്രിംകോടതിക്ക് സാധിക്കില്ലെന്ന് ജസ്റ്റിസ് പര്‍ദിവാല അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. മൗലികാവകാശങ്ങളില്‍ ലംഘനമുണ്ടായാല്‍ മാത്രമേ കോടതിക്ക് ഇടപെടാന്‍ സാധിക്കുകയുള്ളൂ. ഈ വിഷയത്തില്‍ അതുണ്ടായിട്ടില്ല. വിഷയത്തില്‍ ഹരജിക്കാരന് എന്താണ് താല്‍പര്യമെന്നും കോടതി ചോദിച്ചു.