എരുമപ്പെട്ടിയില്‍ വയോധികയെ കടിച്ചുകൊന്ന നായയെ തല്ലിക്കൊന്നു; പേവിഷബാധ ഉണ്ടോയെന്നറിയാന്‍ പരിശോധന
തൃശൂര്‍: തൃശൂര്‍ എരുമപ്പെട്ടിയില്‍ വയോധികയെ കടിച്ചുകൊന്ന നായയെ നാട്ടുകാര്‍ അടിച്ചു കൊന്നു. കടങ്ങോട് പഞ്ചായത്ത് അധികൃതര്‍ നിയോഗിച്ച വന്യജീവി സംരക്ഷകര്‍ പിടികൂടിയ നായയെ നാട്ടുകാര്‍ തല്ലിക്കൊല്ലുകയായിരുന്നു. നായക്ക് പേ വിഷബാധയുണ്ടോയെന്ന് അറിയാന്‍ പരിശോധന നടത്തും. നായയുടെ കടിയേറ്റ മൂന്ന് നാട്ടുകാരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ച് കുത്തിവെയ്പ് നടത്തി. ഇന്നലെ വൈകിട്ട് ആറുമണിയോടെയാണ് തൃശൂര്‍ എരുമപ്പെട്ടിയില്‍ കിടപ്പുരോഗിയായ വയോധികയെ തെരുവുനായ കടിച്ചുകീറി കൊന്നത്. 84 വയസുകാരിയായ കാര്‍ത്യായനിയാണ് തെരുവുനായയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഇവര്‍ക്കൊപ്പം മുറിയില്‍ ഉണ്ടായിരുന്ന മാനസിക വെല്ലുവിളി നേരിടുന്ന മകന്‍ ദേവദാസനെയും നായ കടിച്ച് പരിക്കേല്‍പ്പിച്ചു. ഇരുവര്‍ക്കും ഭക്ഷണവുമായി കാര്‍ത്യായനിയുടെ ഇളയ മകന്‍ മണി എത്തിയപ്പോഴാണ് ചോര തളംകെട്ടിയ നിലയില്‍ കാര്‍ത്യായനിയുടെ മൃതദേഹം കണ്ടത്. കാര്‍ത്യായനിയുടെ മുഖമടക്കം ശരീരമാസകലം വികൃതമാക്കപ്പെട്ട നിലയിലായിരുന്നു. ഇവരെ കടിച്ചതിനുശേഷം ഇതേ നായ സമീപത്തുള്ള വീട്ടില്‍ ജോലിക്ക് എത്തിയവരെയും ആക്രമിച്ചു. നാട്ടുകാരും പൊലീസും ചേര്‍ന്ന് രാത്രി വൈകിയും നായക്കായി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. തുടര്‍ന്ന് അര്‍ധരാത്രിക്കുശേഷം നടത്തിയ തെരച്ചിലിനൊടുവിലാണ് നായയെ പിടികൂടിയത്. ഇതിനുപിന്നാലെയാണ് നാട്ടുകാര്‍ നായയെ തല്ലിക്കൊന്നത്.