ഒരു മാസം പ്രായമുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ ട്രാന്‍സ് യുവതിയും സുഹൃത്തും അറസ്റ്റില്‍

Update: 2025-02-15 14:54 GMT

കൊച്ചി: ആലുവയില്‍നിന്ന് ഒരു മാസം പ്രായമായ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി പണം ആവശ്യപ്പെട്ട രണ്ടുപേര്‍ അറസ്റ്റില്‍. അസം സ്വദേശിയും ട്രാന്‍സ്‌ജെന്‍ഡര്‍ യുവതിയുമായ റിങ്കി (20), ഇവരുടെ സുഹൃത്തായ അസം സ്വദേശി റാഷിദുല്‍ ഹഖ് (29) എന്നിവരാണ് പിടിയിലായിരിക്കുന്നത്. കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി രണ്ടു മണിക്കൂറിനകം ഇവരെ പിടിക്കാന്‍ പോലിസിന് കഴിഞ്ഞു. ബിഹാര്‍ സ്വദേശിനിയുടെ ഒരു മാസം പ്രായമായ ആണ്‍കുട്ടിയെയാണ് ഇവര്‍ തട്ടിക്കൊണ്ടുപോയതെന്ന് പോലിസ് പറഞ്ഞു.

കുട്ടിയെ തട്ടിക്കൊണ്ടുപോയി 70,000 രൂപ ആവശ്യപ്പെട്ടതായി ഫെബ്രുവരി 14ന് രാത്രി എട്ട് മണിയോടെയാണ് സ്‌റ്റേഷനില്‍ വിവരം ലഭിക്കുന്നത്. തുടര്‍ന്ന് െ്രെകം ഗാലറിയിലെ വിവിധ കുറ്റവാളികളുടെ ചിത്രം ബംഗാള്‍ സ്വദേശിനിയെ കാണിച്ചു. ഇതില്‍ നിന്നാണ് ട്രാന്‍സ്‌ജെന്‍ഡറിനെ കുട്ടിയുടെ അമ്മ തിരിച്ചറിഞ്ഞത്. തുടര്‍ന്ന് റിങ്കി താമസിച്ചിരുന്ന വാടകവീട്ടില്‍ എത്തിയെങ്കിലും അവര്‍ കുട്ടിയുമായി കടന്നിരുന്നു. നിരവധി സിസിടിവി ക്യാമറകള്‍ പരിശോധിച്ചു. റെയില്‍വേ സ്‌റ്റേഷന്‍, ബസ് സ്റ്റാന്റ്, എയര്‍പോര്‍ട്ട് പരിസരം, ജില്ലാ അതിര്‍ത്തികള്‍, ഇവര്‍ തങ്ങാനിടയുള്ള സ്ഥലങ്ങള്‍ എന്നിവിടങ്ങള്‍ അരിച്ചുപെറുക്കി പരിശോധന നടത്തി. തുടര്‍ന്ന് രാത്രി 10 മണിക്ക് കൊരട്ടി ഭാഗത്ത് വെച്ച് പ്രതികള്‍ സഞ്ചരിച്ചിരുന്ന വാഹനം തടഞ്ഞു നിര്‍ത്തി പിടികൂടുകയായിരുന്നു. കുട്ടിയെ അസമിലേക്ക് കൊണ്ടു പോകുവാനാണ് പ്രതികള്‍ ലക്ഷ്യമിട്ടിരുന്നത്.


ഡിവൈഎസ്പി ടി ആര്‍ രാജേഷ്, ഇന്‍സ്‌പെക്ടര്‍ എം എം മഞ്ജു ദാസ, എസ്‌ഐ മാരായ കെ നന്ദകുമാര്‍, എസ് എസ് ശ്രീലാല്‍, സെയ്തുമുഹമ്മദ്, ബി എം ചിത്തുജീ, സുജോ ജോര്‍ജ് ആന്റണി, സിപിഒമാരായ ഷിബിന്‍ കെ തോമസ്, രാജേഷ്, കെ ഐ ഷിഹാബ്, മുഹമ്മദ് ഷഹീന്‍, അരവിന്ദ് വിജയന്‍, പി എ നൗഫല്‍, എന്‍ എ മുഹമ്മദ് അമീര്‍, മാഹിന്‍ ഷാ അബൂബക്കര്‍, കെ എം മനോജ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. രണ്ടു പ്രതികളെയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഇവരെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യുമെന്ന് പോലിസ് അറിയിച്ചു.