ന്യൂഡല്‍ഹി: ട്രെയ്ന്‍ യാത്രകളില്‍ ലഗേജിന്റെ തൂക്കം നിശ്ചിത പരിധിക്കു മുകളിലെങ്കില്‍ പണം അടയ്ക്കണമെന്നു റെയില്‍ മന്ത്രി അശ്വിനി വൈഷ്ണവ്. ഓരോ ക്ലാസിലും അനുവദനീയമായതില്‍ കൂടുതല്‍ ഭാരം കൊണ്ടുപോകുന്നതിന് നിശ്ചിത നിരക്ക് നല്‍കണം. ഭാര നിയന്ത്രണം സംബന്ധിച്ച് നിലവില്‍ നിയമമുണ്ടെങ്കിലും തൂക്കം നോക്കാതെയാണ് യാത്രക്കാര്‍ ലഗേജ് കൊണ്ടുപോകുന്നത്. ഇനി റെയ്ല്‍വേ സ്റ്റേഷനുകളില്‍ സ്‌കാനറും ഭാരം നോക്കാനുള്ള സംവിധാനങ്ങളും സ്ഥാപിക്കും.
എസി ഫസ്റ്റ് ക്ലാസില്‍ 70 കിലോ സൗജന്യമായും പണം അടച്ച് പരമാവധി 150 കിലോ വരെയും സെക്കന്‍ഡ് എസിയില്‍ 50 കിലോ സൗജന്യമായും പണം അടച്ച് 100 കിലോ വരെയും കൊണ്ടുപോകാം. തേഡ് എസിയില്‍ 40 കിലോ മാത്രമേ അനുവദിക്കൂ. സ്ലീപ്പര്‍ കോച്ചുകളില്‍ 40 കിലോ സൗജന്യമായും പണം അടച്ച് പരമാവധി 80 കിലോ വരെയും ജനറല്‍ കോച്ചുകളില്‍ 35 കിലോ സൗജന്യമായും പണം അടച്ച് പരമാവധി 70 കിലോ വരെയും കൊണ്ടുപോകാം.
ലഗേജ് നിരക്കിന്റെ ഒന്നര ഇരട്ടിയാണ് അധിക ഭാരത്തിന് ഈടാക്കുക. ഇത് ഓരോ ക്ലാസ് അനുസരിച്ചും വ്യത്യാസമുണ്ടാകും. വാണിജ്യ ആവശ്യത്തിനുള്ള സാധനങ്ങള്‍ യാത്രാ കോച്ചുകളില്‍ കൊണ്ടുപോകാന്‍ അനുവദിക്കില്ല. ലഗേജുകളുടെ വലുപ്പത്തിനും നിയന്ത്രണം വരും. ഒരു മീറ്റര്‍ നീളം, 60 സെന്റി മീറ്റര്‍ വീതി, 25 സെന്റി മീറ്റര്‍ ഉയരം ഇതാണ് പരമാവധി വലുപ്പം. കൂടുതല്‍ വലുപ്പമുള്ളവ പാഴ്‌സല്‍ വാഗണുകളില്‍ മാത്രമേ കയറ്റാന്‍ അനുവദിക്കൂ.
റിസര്‍വേഷന്‍ ചാര്‍ട്ട് തയാറാക്കുന്ന സമയത്തില്‍ റെയില്‍വേ മാറ്റം വരുത്തുന്നു. രാവിലെ 5.01നും ഉച്ചയ്ക്കു രണ്ടിനുമിടയില്‍ പുറപ്പെടുന്ന ട്രെയിനുകളുടെ ആദ്യ റിസര്‍വേഷന്‍ ചാര്‍ട്ട് തലേ ദിവസം രാത്രി എട്ടിന് തയാറാക്കും. ഉച്ചയ്ക്ക് 2.01നും പിറ്റേന്നു രാവിലെ 5നും ഇടയില്‍ പുറപ്പെടുന്ന ട്രെയിനുകളുടെ ആദ്യ ചാര്‍ട്ട് ട്രെയിന്‍ പുറപ്പെടുന്നതിന് 10 മണിക്കൂര്‍ മുന്‍പു തയാറാക്കും.
