ട്രെയ്‌നില്‍ മൂന്നു മുസ്‌ലിംകള്‍ അടക്കം നാലു പേരെ വെടിവെച്ചു കൊന്ന ആര്‍പിഎഫ് ഉദ്യോഗസ്ഥന്റെ മാനസിക നില പരിശോധിക്കാന്‍ ഉത്തരവ്
മുംബൈ: ട്രെയ്‌നില്‍ യാത്ര ചെയ്യുകയായിരുന്ന മൂന്നു മുസ്‌ലിംകളെയും ആദിവാസി വിഭാഗത്തില്‍ നിന്നുള്ള മേലുദ്യോഗസ്ഥനെയും വെടിവെച്ചു കൊന്ന ആര്‍പിഎഫ് ഉദ്യോഗസ്ഥന്റെ മാനസിക നിലപരിശോധിക്കാന്‍ അഡീഷണല്‍ സെഷന്‍സ് കോടതി ഉത്തരവിട്ടു. മഹാരാഷ്ട്രയിലെ താനെയിലെ പ്രാദേശിക മാനസിക ആരോഗ്യകേന്ദ്രത്തില്‍ പരിശോധന നടത്തി റിപോര്‍ട്ട് നല്‍കാനാണ് അഡീഷണല്‍ സെഷന്‍സ് ജഡ്ജി എന്‍ എന്‍ മോറെ ഉത്തരവിട്ടിരിക്കുന്നത്.
2023 ജൂലൈ 31ന് ജയ്പൂര്‍-മുംബൈ സെന്‍ട്രല്‍ സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് പാല്‍ഗഡ് റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോളാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. ചേതന്‍ സിങ് ചൗധുരി എന്ന ആര്‍പിഎഫ് ഉദ്യോഗസ്ഥന്‍ മുസ്‌ലിംകളെ തിരഞ്ഞുപിടിച്ച് വെടിവെച്ചു കൊല്ലുകയായിരുന്നു. അബ്ദുല്‍ ഖാദര്‍ ഭായ്, സദര്‍ മുഹമ്മദ് ഹുസൈന്‍, അഷ്ഗര്‍ അബ്ബാസ് ശെയ്ഖ് എന്നിവരാണ് കൊല്ലപ്പെട്ടത്. ആദിവാസി വിഭാഗത്തില്‍ നിന്നുള്ള മേലുദ്യോഗസ്ഥനായ ടിക്കാറാം മീണയും കൊല്ലപ്പെട്ടു. കൂടാതെ തോക്കുചൂണ്ടി, ബുര്‍ഖ ധരിച്ച സ്ത്രീകളെ കൊണ്ട് 'ജയ് മാതാ ദി' എന്ന മുദ്രാവാക്യം വിളിപ്പിക്കുകയും ചെയ്തു. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ക്ക് അടുത്തുനിന്ന് ഇയാള്‍ സംസാരിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.
'അവരെ പാകിസ്താനില്‍ നിന്നാണ് പ്രവര്‍ത്തിപ്പിക്കുന്നത്, നമ്മുടെ മാധ്യമങ്ങള്‍ അവര്‍ക്ക് കവറേജ് നല്‍കുന്നു. അവര്‍ക്കെല്ലാം അറിയാം. പക്ഷേ, ഞാന്‍ നിങ്ങളോട് പറയുന്നു, നിങ്ങള്‍ക്ക് ഹിന്ദുസ്ഥാനില്‍ ജീവിക്കാനും വോട്ട് ചെയ്യാനും താല്‍പ്പര്യമുണ്ടെങ്കില്‍ മോദി, യോഗി തീരുമാനിക്കണം.''- ഇങ്ങനെയാണ് ഇയാള്‍ സംസാരിച്ചിരുന്നത്. താന്‍ ചെയ്ത കാര്യത്തിന്റെ വാര്‍ത്തകള്‍ ടിവിയില്‍ വരുമെന്നും കാണണമെന്നും ഇയാള്‍ അമ്മാവനെ ഫോണില്‍ വിളിച്ചു പറഞ്ഞതായും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
കൂട്ടക്കൊലയ്ക്ക് ശേഷം അകോല ജയിലിലാണ് ഇയാളെ അടച്ചിരിക്കുന്നത്. ഇയാള്‍ക്ക് മാനസിക പ്രശ്‌നങ്ങളുണ്ടെന്നും നാഗ്പൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കണമെന്നുമാണ് ജയില്‍ അധികൃതര്‍ കോടതിയില്‍ ആവശ്യപ്പെട്ടത്. നാഗ്പൂരിലെ ചികില്‍സക്ക് ശേഷം താനെയിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാമെന്നും അവിടെ നിന്ന് വിചാരണ തുടരാമെന്നും പ്രോസിക്യൂഷനും പറഞ്ഞു. തുടര്‍ന്നാണ് മാനസിക നില പരിശോധിക്കാന്‍ കോടതി നിര്‍ദേശിച്ചത്.
