പ്രായപൂര്‍ത്തിയാവാത്ത കുട്ടിയുടെ ശരീരത്തില്‍ സ്പര്‍ശിക്കുന്നത് ബലാല്‍സംഗമല്ല: സുപ്രിംകോടതി
ന്യൂഡല്‍ഹി: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയുടെ ശരീരത്തില്‍ സ്പര്‍ശിക്കുന്നത് ബലാല്‍സംഗമല്ലെന്നും പോക്‌സോ നിയമപ്രകാരമുള്ള ലൈംഗിക അതിക്രമമാണെന്നും സുപ്രിംകോടതി. ഇത്തരം സ്പര്‍ശനം ഭാരതീയ ന്യായ സംഹിതയിലെ ബലാത്സംഗമോ പോക്‌സോ നിയമത്തിലെ ബലാല്‍സംഗമോ ആവില്ലെന്നും മറിച്ച് പോക്‌സോയിലെ തീവ്രമായ ലൈംഗികാതിക്രമം എന്ന കുറ്റത്തിനും ഭാരതീയ ന്യായ സംഹിതയിലെ സ്ത്രീയുടെ മാന്യതയെ അപമാനിക്കല്‍ എന്ന കുറ്റത്തിനും തുല്യമാകുമെന്നാണ് കോടതി വിശദീകരിച്ചത്. പെണ്‍കുട്ടിയെ സ്പര്‍ശിച്ചതിന് ബലാല്‍സംഗക്കുറ്റം ചുമത്തി 20 വര്‍ഷം തടവിന് ശിക്ഷിച്ച ലക്ഷമണ്‍ ജംഗഡെ എന്നയാളുടെ അപ്പീല്‍ പരിഗണിക്കുമ്പോഴാണ് കോടതി ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.
ഈ കേസിലെ ഇര 12 വയസ്സിന് താഴെയുള്ള പെണ്‍കുട്ടിയായിരുന്നു. പ്രതി ഇരയുടെ ശരീരഭാഗങ്ങളിലും അതേസമയം തന്നെ സ്വന്തം ശരീരത്തിലും സ്പര്‍ശിച്ചുവെന്നാണ് കേസ് രേഖകള്‍ പറയുന്നതെന്ന് കോടതി പറഞ്ഞു. അതിനാല്‍, ബലാല്‍സംഗക്കുറ്റം നിലനില്‍ക്കില്ല. ബലാല്‍സംഗം നടന്നെന്ന് ഇരയോ മെഡിക്കല്‍ റിപോര്‍ട്ടോ കുടുംബമോ പറയുന്നില്ല. എന്നിട്ടും ബലാല്‍സംഗത്തിന് ശിക്ഷിച്ച വിചാരണക്കോടതി വിധി അപലപനീയമാണ്. അതിനാല്‍, ശിക്ഷ ഏഴുവര്‍ഷം തടവായി കുറയ്ക്കുകയാണെന്നും പിഴയായി അരലക്ഷം രൂപ അടക്കണമെന്നും സുപ്രിംകോടതി നിര്‍ദേശിച്ചു.