ധര്‍മസ്ഥല: നൂറുകണക്കിന് സ്ത്രീകളെയും കുട്ടികളെയും ബലാല്‍സംഗം ചെയ്ത് കൊന്ന് കുഴിച്ചുമൂടിയെന്ന് സംശയിക്കുന്ന സ്ഥലത്ത് നിന്ന് കീറിയ ചുവന്ന ബ്ലൗസും എടിഎം, പാന്‍ കാര്‍ഡുകളും കണ്ടെത്തി. 2003ല്‍ കാണാതായ അനന്യ ഭട്ടിന്റെ മാതാവ് സുജാത ഭട്ടിന്റെ അഭിഭാഷകനായ എന്‍ മഞ്ജുനാഥാണ് ഇക്കാര്യം അറിയിച്ചത്. പ്രത്യേക പോലിസ് സംഘം പരിശോധന നടത്തിയ ഒന്നാം സ്ഥലത്തുനിന്നാണ് ഇവ ലഭിച്ചത്.
ജൂലൈ 29ന് ഏകദേശം രണ്ടര മീറ്റര്‍ കുഴിച്ചപ്പോഴാണ് ഈ വസ്തുക്കള്‍ ലഭിച്ചത്. ഒരു എടിഎം കാര്‍ഡ് പുരുഷന്റേതും മറ്റൊരെണ്ണം ലക്ഷ്മി എന്ന സ്ത്രീയുടേതുമാണ്. ഇവ ലഭിച്ചതോടെ പോലിസ് സംഘം പത്ത് മീറ്റര്‍ ആഴത്തില്‍ വരെ കുഴിച്ചു.
എന്നാല്‍, ഒന്ന്, രണ്ട്, മൂന്നു സ്ഥലങ്ങളില്‍ നിന്ന് മനുഷ്യശരീരത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല. 2018ലെ പ്രളയത്തില്‍ ഈ പ്രദേശത്ത് നിന്നും മണ്ണ് ഒലിച്ചുപോയിരുന്നു. ഇപ്പോള്‍ നാലാം സ്ഥലത്താണ് പരിശോധന നടക്കുന്നത്. മൊത്തം 15 സ്ഥലങ്ങളാണ് കുഴിച്ച് പരിശോധിക്കാനുള്ളത്.
അതേസമയം, പ്രത്യേക പോലിസ് സംഘത്തിന്റെ തലവനായ പ്രൊണബ് മൊഹന്തിയെ കേന്ദ്രസര്‍ക്കാര്‍ തങ്ങളുടെ ഡിജിപി പദവികളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി. അതിനാല്‍ അദ്ദേഹം ഇനി പ്രത്യേക സംഘത്തിന്റെ തലവനായി തുടരുമോയെന്ന കാര്യം സംശയമാണ്. ഇന്ന് രാവിലെ പ്രൊണബ് മൊഹന്തി കുഴിക്കല്‍ നടപടികള്‍ നിരീക്ഷിക്കാന്‍ ധര്‍മസ്ഥലയില്‍ എത്തിയിരുന്നു.
