'സൈനിക വിമാനത്തില്‍ കയറ്റുന്നതിന് മുമ്പ് സിഖുകാരുടെ ശിരോവസ്ത്രം ഊരി മാറ്റിച്ചു'; യുഎസ് നടപടിയെ അപലപിച്ച് എസ്ജിപിസി

Update: 2025-02-17 03:35 GMT

അമൃത്‌സര്‍: അനധികൃതമായി യുഎസില്‍ കുടിയേറിയെന്ന് ആരോപിച്ച് തിരിച്ചയച്ച സിഖ് മതവിശ്വാസികളെ ശിരോവസ്ത്രം ധരിക്കാന്‍ അനുവദിക്കാത്ത യുഎസ് അധികൃതരുടെ നടപടിയെ ശിരോമണി ഗുരുദ്വാര പ്രബന്ധക് കമ്മിറ്റി അപലപിച്ചു. കഴിഞ്ഞ ദിവസം അമൃത്‌സര്‍ വിമാനത്താവളത്തില്‍ എത്തിയ സിഖുകാര്‍ക്ക് ശിരോവസ്ത്രം ഇല്ലെന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. യുഎസില്‍ നിന്ന് സൈനികവിമാനത്തില്‍ കയറ്റുന്നതിന് മുമ്പ് ശിരോവസ്ത്രം ഊരി മാറ്റിപ്പിക്കുകയായിരുന്നു.

തിരികെ വന്നവര്‍ക്കെല്ലാം താമസ സൗകര്യവും ഭക്ഷണവും ഒരുക്കിയത് ശിരോമണി ഗുരുദ്വാര പ്രബന്ധക് കമ്മിറ്റി(എസ്ജിപിസി)യായിരുന്നു. ഇതിലെ സിഖുകാര്‍ക്കെല്ലാം എസ്ജിപിസി ശിരോവസ്ത്രവും നല്‍കി. ക്രൂരമായ നടപടിയാണ് യുഎസിന്റെ ഭാഗത്തുനിന്നുണ്ടായതെന്ന് എസ്ജിപിസി മുന്‍ ജനറല്‍ സെക്രട്ടറി ഗുരുചരണ്‍ സിംഗ് ഗ്രെവാല്‍ പറഞ്ഞു. ആളുകളെ ചങ്ങലയ്ക്കിട്ട് കൊണ്ടുവന്നതിനൊപ്പം മതപരമായ കാര്യങ്ങള്‍ പാലിക്കാനും അനുവദിച്ചില്ല. ഇക്കാര്യം യുഎസ് അധികൃതരെ അറിയിക്കും. ശിരോവസ്ത്രം സിഖ് മതവിശ്വാസികള്‍ക്ക് ഒഴിവാക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിഷയത്തില്‍ കേന്ദ്ര വിദേശകാര്യമന്ത്രാലയം ഉടന്‍ ഇടപെടണമെന്ന് ശിരോമണി അകാലി ദള്‍ നേതാവ് ബിക്രം സിംഗ് മജീദിയ ആവശ്യപ്പെട്ടു.

രാജ്യത്തെ ഗുരുദ്വാരങ്ങളുടെ പ്രവര്‍ത്തനങ്ങളുടെ നിയന്ത്രണ അധികാരം എസ്ജിപിസിക്കാണുള്ളത്. സിഖ് മതവിശ്വാസ പ്രകാരം ശിരോവസ്ത്രം നിര്‍ബന്ധമാണ്. യുഎസിലും യൂറോപ്പിലുമെല്ലാം ഇതിന് നിയമപരമായ സംരക്ഷണവുമുണ്ട്.