''ജൂതന്മാര്‍ക്ക് രാജ്യം ആവശ്യമില്ല; ഇസ്രായേല്‍ അറബികള്‍ ഭരിക്കണം; സയണിസം ദുരന്തങ്ങള്‍ കൊണ്ടുവന്നു''-ജൂത റബി ഡോവ് ലന്‍ഡാവു
തെല്‍അവീവ്: ഇസ്രായേല്‍ അറബികള്‍ ഭരിക്കണമെന്ന് മുതിര്‍ന്ന ഹരുദി ജൂത റബി ഡോവ് ലന്‍ഡാവു. മുന്‍കാലങ്ങളിലെന്ന പോലെ സ്വന്തമായി രാജ്യമില്ലാതെയും ജൂതന്മാര്‍ക്ക് അറബികള്‍ക്കൊപ്പം നന്നായി ജീവിക്കാമെന്നും ലിത്വാനിയയിലെ സ്ലബോദ്ക യശീവ ഹരുദി വിഭാഗത്തിന്റെ ഏറ്റവും ഉന്നതനായ പുരോഹിതനായ റബി ഡോവ് ലന്‍ഡാവു പറഞ്ഞു. '' 90 വര്‍ഷം മുമ്പ് ഫൈസല്‍ രാജാവുമായി സഹകരിക്കുകയായിരുന്നുവെങ്കില്‍ സംഘര്‍ഷം ഉണ്ടാവുമായിരുന്നില്ല. അറബികളോട് നന്നായി പെരുമാറുകയായിരുന്നുവെങ്കില്‍ സ്ഥിതി വ്യത്യസ്തമാവുമായിരുന്നു. അറബികളെ വെറുക്കാന്‍ നമ്മളെ പ്രേരിപ്പിക്കുകയാണ് സയണിസ്റ്റുകള്‍ ചെയ്തത്.''-റബി ഡോവ് ലന്‍ഡാവു വിശദീകരിച്ചു.
മതഗ്രന്ഥമായ തൗറാത്ത് (തോറ) വളച്ചൊടിച്ചാണ് സയണിസ്റ്റുകള്‍ പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ടാണ് ജൂതന്‍മാര്‍ കൊല്ലപ്പെടുന്നത്. സയണിസ്റ്റുകള്‍ ജൂതന്മാര്‍ക്ക് ആത്മീയദുരന്തങ്ങള്‍ക്കൊപ്പം ഭൗതികദുരന്തങ്ങളും കൊണ്ടുവന്നു. സയണിസത്തിന് ജൂതമതവുമായി ഒരു ബന്ധവുമില്ല. തൗറാത്ത് പഠിക്കുന്നവരെ സൈന്യത്തില്‍ ചേര്‍ക്കുന്ന ഭരണകൂടത്തിന് നിലനില്‍ക്കാന്‍ അവകാശമില്ല. ''ഇസ്രായേലി സൈന്യം നമുക്കെതിരെ യുദ്ധത്തിലാണ്. അവര്‍ തോറ വിദ്യാര്‍ത്ഥികളുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കാന്‍ ആഗ്രഹിക്കുന്നു. ഇത് നമ്മളെ സംബന്ധിച്ചിടത്തോളം ആത്മഹത്യാപരമാണ്.''-അദ്ദേഹം പറഞ്ഞു.
