''ശരീരഭാഷ ശ്രദ്ധിക്കണം'': തെരുവുനായ് കേസിലെ പരാമര്‍ശത്തില്‍ മനേകാ ഗാന്ധിയെ വിമര്‍ശിച്ച് സുപ്രിംകോടതി
ന്യൂഡല്‍ഹി: തെരുവുനായ വിഷയത്തില്‍ നടക്കുന്ന കേസില്‍ വിവാദ പരാമര്‍ശങ്ങള്‍ നടത്തിയ മുന്‍ കേന്ദ്രമന്ത്രി മനേകാ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രിംകോടതി. കോടതിയില്‍ നടക്കുന്ന കേസിനെ കുറിച്ച് മനേകാ ഗാന്ധി എന്തൊക്കെ തരം മോശം പരാമര്‍ശങ്ങളാണ് നടത്തുന്നതെന്ന് കോടതി ചോദിച്ചു. ''അവര്‍ കോടതിയലക്ഷ്യ കുറ്റം നടത്തിയിട്ടുണ്ട്. അത് ഞങ്ങള്‍ കണക്കിലെടുക്കുന്നില്ല. അതാണ് ഞങ്ങളുടെ മഹാമനസ്‌കത. നിങ്ങള്‍ അവരുടെ പോഡ്കാസ്റ്റ് കേട്ടിട്ടുണ്ടോ? എന്താണ് അവരുടെ ശരീരഭാഷ? അവര്‍ എന്തൊക്കെയാണ് പറയുന്നത്? ''-കോടതി വിമര്‍ശിച്ചു. മനേകാ ഗാന്ധി മൃഗാവകാശ പ്രവര്‍ത്തകയും കേന്ദ്രമന്ത്രിയുമായിരുന്നു. എന്നാല്‍, തന്റെ ആശയങ്ങള്‍ നടപ്പാക്കുന്നതിന് ബജറ്റില്‍ അവര്‍ എത്ര വിഹിതം വകയിരുത്തിയെന്നും കോടതി ചോദിച്ചു.
തെരുവുനായ് ശല്യം ഇല്ലാതാക്കണമെന്ന സുപ്രിംകോടതി പരാമര്‍ശം രാജ്യത്തോടുള്ള വെല്ലുവിളിയാണെന്നാണ് മനേകാ ഗാന്ധി ആരോപിച്ചിരുന്നത്. രാജ്യത്ത് വെറുപ്പിന്റെ അന്തരീക്ഷം സുപ്രിംകോടതി സൃഷ്ടിച്ചെന്നും ഒരു വിഭാഗം ജീവികളെ മറ്റൊരു വിഭാഗം ജീവികള്‍ക്കെതിരെയാക്കിയെന്നും അവര്‍ ആരോപിച്ചു. ഇതാണ് ഇപ്പോള്‍ സുപ്രിംകോടതിയുടെ വിമര്‍ശനത്തിന് കാരണമായത്.