തത്‌മോസ് ഫറോവയുടെ ശവകുടീരം കണ്ടെത്തി

Update: 2025-02-21 04:09 GMT

കെയ്‌റോ: 3500 വര്‍ഷം മുമ്പ് ഈജിപ്ത് ഭരിച്ചിരുന്ന തത്‌മോസ് രണ്ടാമന്‍ ഫറോവയുടെ ശവകുടീരം കണ്ടെത്തി. ലക്‌സര്‍ നഗരത്തിന് സമീപത്തെ രാജാക്കന്‍മാരുടെ താഴ്‌വര എന്നറിയപ്പെടുന്ന പ്രദേശത്താണ് ഇത് കണ്ടെത്തിയിരിക്കുന്നത്. ശവം അടക്കാന്‍ ഉപയോഗിച്ച ഫര്‍ണീച്ചറുകളും വിവിധതരം മന്ത്രത്തകിടുകളും രക്ഷകളും പാത്രങ്ങളും ഈ കുടീരത്തിലുണ്ട്. തത്‌മോസിന്റെയും ഭാര്യ ഹാഷെപ്‌സ്തിന്റെയും പേരുകള്‍ അടങ്ങിയ കുറിപ്പുകളും ലഭിച്ചതായി ഈജിപ്ഷ്യന്‍ പുരാവസ്തുവകുപ്പിലെ സെക്രട്ടറി ജനറലായ മുഹമ്മദ് ഇസ്മാഈല്‍ ഖാലിദ് പറഞ്ഞു.


തത്‌മോസ് രണ്ടാമന്റെ മമ്മിയായി സൂക്ഷിച്ച മൃതദേഹം 1881ല്‍ ദെയ്ര്‍ എല്‍ ബഹാരി പ്രദേശത്ത് നിന്ന് കണ്ടെത്തിയിരുന്നു.


എന്നാല്‍, ശവകുടീരം കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഇതില്‍ അന്വേഷണം നടന്നുകൊണ്ടിരിക്കെയാണ് ബ്രിട്ടീഷ് ആര്‍ക്കിയോളജിസ്റ്റായ പിയേഴ്‌സ് ലിതെര്‍ലാന്‍ഡിന്റെ നേതൃത്വത്തിലുള്ള സംഘം ശവകുടീരം കണ്ടെത്തിയിരിക്കുന്നത്. പൗരാണിക കാലത്ത് തന്നെ ഇവിടെ പ്രളയമുണ്ടായതിനാല്‍ മമ്മി ദെയ്ര്‍ എല്‍ ബഹാരി പ്രദേശത്തേക്ക് മാറ്റിയതായി അദ്ദേഹം പറഞ്ഞു.


ശവകുടീരത്തിന്റെ മേല്‍ഭാഗം നീലനിറത്തിലുള്ള ചായം പൂശിയ നിലയിലാണ്. അതില്‍ മഞ്ഞനിറത്തിലുള്ള നക്ഷത്രങ്ങളെയും വരച്ചിട്ടുണ്ട്. രാജാക്കന്‍മാര്‍ മാത്രം വായിച്ചിരുന്ന അംദത്ത എന്ന ഗ്രന്ഥത്തിലെ ചിത്രങ്ങള്‍ കൊണ്ടാണ് ചുവരുകള്‍ അലങ്കരിച്ചിരുന്നത്.



 മരിക്കുമ്പോള്‍ തത്‌മോസിന് പലതരം രോഗങ്ങളുണ്ടായിരുന്നുവെന്ന് 1886ല്‍ മമ്മിയെ തുറന്നുപരിശോധിച്ചപ്പോള്‍ ഗവേഷകര്‍ കണ്ടെത്തിയിരുന്നു. അപ്പോഴും അദ്ദേഹത്തിന്റെ ശവകുടീരം മാത്രം കാണാമറയത്തിരുന്നു.തത്‌മോസിന്റെ മരണശേഷം ഹാഷെപ്‌സ്താണ് ഈജിപ്ത് ഭരിച്ചത്. ഈജിപ്തിലെ പതിനെട്ടാം രാജവംശത്തിലെ അഞ്ചാമത്തെ ഫറവോയായിരുന്നു ഇവര്‍.