പെട്രോള്‍ പമ്പിലെ ശൗചാലയം പ്രവൃത്തിസമയം മാത്രം തുറന്നുനല്‍കിയാല്‍ മതി: ഹൈക്കോടതി

Update: 2025-09-18 12:50 GMT

കൊച്ചി: ദേശീയപാതയിലെ പെട്രോള്‍ പമ്പുകളിലെ ശൗചാലയം പ്രവൃത്തി സമയങ്ങളില്‍ മാത്രം തുറന്നുനല്‍കിയാല്‍ മതിയെന്ന് ഹൈക്കോടതി. 24 മണിക്കൂറും ശൗചാലയം അനുവദിക്കണമെന്ന സിംഗിള്‍ബെഞ്ച് ഉത്തരവ് തിരുത്തിയാണ് ഡിവിഷന്‍ ബെഞ്ചിന്റെ നിര്‍ദേശം. പമ്പിലെ സേവനങ്ങള്‍ വാങ്ങാത്തവര്‍ ശൗചാലയം ഉപയോഗിക്കുന്നതിനെ പമ്പ് ഉടമകള്‍ എതിര്‍ത്തു. എന്നാല്‍ ശൗചാലയം ഉപയോഗിക്കാന്‍ പൊതുജനങ്ങളെയും അനുവദിക്കണമെന്നാണ് സിംഗിള്‍ബെഞ്ച് വിധിച്ചത്. ശൗചാലയങ്ങള്‍ 24 മണിക്കൂറും അനുവദിക്കണമെന്ന നിര്‍ദേശവും ഉത്തരവില്‍ ഉണ്ടായിരുന്നു. ഇതിലാണ് ഇപ്പോള്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഇടപെട്ടത്. പമ്പുകളുടെ പ്രവൃത്തി സമയത്തിനനുസരിച്ച് മാത്രം ശൗചാലയം അനുവദിച്ചാല്‍ മതി എന്നാണ് ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കിയത്.