ഭീകരബന്ധം ആരോപിച്ച് രണ്ടുപേരെ അറസ്റ്റ് ചെയ്തു

Update: 2025-07-01 13:05 GMT

ചെന്നൈ: ഭീകരബന്ധം ആരോപിച്ച് രണ്ടുപേരെ തമിഴ്‌നാട് ഭീകരവിരുദ്ധ സേന അറസ്റ്റ് ചെയ്തു. നാഗൂര്‍ സ്വദേശി അബൂബക്കര്‍ സിദ്ധീഖി, മേലെപ്പാളയം സ്വദേശി മുഹമ്മദ് അലി എന്നിവരെയാണ് ആന്ധ്രപ്രദേശില്‍ നിന്നും അറസ്റ്റ് ചെയ്തത്. ചെന്നൈയിലെ ചിന്താദ്രിപ്പെട്ടിലെ ഹിന്ദു മുന്നണി ഓഫീസിന് നേരെ 1995ല്‍ നടന്ന സ്‌ഫോടനം, ഹിന്ദു മുന്നണി നേതാവ് മുത്തുക്കൃഷ്ണന് നേരെ 1995ല്‍ നാഗോറില്‍ നടന്ന പെട്രോള്‍ ബോംബ് ആക്രമണം, ബാബരി മസ്ജിദിനെതിരേ ബിജെപി നേതാവ് എല്‍ കെ അദ്വാനി നടത്തിയ രഥയാത്രയില്‍ പൈപ്പ് ബോംബ് വയ്ക്കാന്‍ ശ്രമം, ബിജെപി മെഡിക്കല്‍ വിഭാഗം സെക്രട്ടറി ഡോ. അരവിന്ദ് റെഡ്ഡിയെ 2012ല്‍ കൊലപ്പെടുത്തിയ സംഭവം, ബംഗളൂരുവിലെ മല്ലേശ്വരത്തെ ബിജെപി ഓഫിസിന് നേരെ 2013ലുണ്ടായ ആക്രമണം എന്നിവയില്‍ ഇവര്‍ക്ക് പങ്കുണ്ടെന്നാണ് റിപോര്‍ട്ടുകള്‍ പറയുന്നത്.

എന്നാല്‍, ബിജെപി മെഡിക്കല്‍ വിഭാഗം സെക്രട്ടറി ഡോ. അരവിന്ദ് റെഡ്ഡിയെ 2012ല്‍ കൊലപ്പെടുത്തിയ സംഭവത്തില്‍ ഉദയകുമാര്‍, തങ്കരാജ്, ചിന്ന, രാജ, പെരുമാള്‍, പിച്ചയ് പെരുമാള്‍, ധരണി എന്നിവരെയാണ് പോലിസ് അറസ്റ്റ് ചെയ്തിരുന്നത്. 2012 നവംബറില്‍ തന്നെ ഈ വാര്‍ത്ത മാധ്യമങ്ങളില്‍ വന്നതാണ്. മറ്റു ആരോപണങ്ങളുടെ വിവരങ്ങള്‍ ലഭ്യമല്ല.