വ്യാജ സിം കാര്‍ഡ് കേസില്‍ രൂപേഷിനെ ജീവപര്യന്തം തടവിന് ശിക്ഷിച്ച് തമിഴ്‌നാട് കോടതി

Update: 2025-07-18 16:18 GMT

ശിവഗംഗ: വ്യാജരേഖ ഉപയോഗിച്ച് സിം കാര്‍ഡ് എടുത്തെന്ന കേസില്‍ മാവോവാദി നേതാവ് രൂപേഷിനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. തമിഴ്‌നാട്ടിലെ ശിവഗംഗ ജില്ലാ സെഷന്‍സ് കോടതിയാണ് പരമാവധി ശിക്ഷ വിധിച്ചത്. 2015ല്‍ തമിഴ്‌നാട് ക്യൂ ബ്രാഞ്ച് രൂപേഷിനെ അറസ്റ്റ് ചെയ്ത് നിരവധി കേസുകളില്‍ പ്രതിയാക്കി. ആദ്യമായാണ് ഒരു കേസില്‍ രൂപേഷിനെ ശിക്ഷിക്കുന്നത്. ഇന്ന് വിധി കേള്‍ക്കാന്‍ രൂപേഷിനെ കോടതിയില്‍ എത്തിച്ചിരുന്നു. തമിഴ്‌നാട്ടിലെ കോയമ്പത്തൂര്‍, മധുരൈ, തിരുപ്പൂര്‍ തുടങ്ങി വിവിധ പ്രദേശങ്ങളിലായി 16 കേസുകളാണ് പോലിസ് രൂപേഷിനെതിരെ എടുത്തിരുന്നത്. നിരവധി യുഎപിഎ വകുപ്പുകള്‍ നിരത്തിയാണ് കോടതി വളരെ നിസ്സാരമായ ഈ കേസിന് പരമാവധി ശിക്ഷ നല്‍കിയതെന്ന് രൂപേഷിന്റെ ജീവിതപങ്കാളി ഷൈന ഫേസ്ബുക്കില്‍ കുറിച്ചു.