ടിപ്പുവിന്റെ ഏഴാം തലമുറ ചെറുമകളുടെ ഓര്‍മയ്ക്ക് സ്റ്റാമ്പ് ഇറക്കി ഫ്രാന്‍സ്
ലണ്ടന്‍: മൈസൂര്‍ ഭരണാധികാരിയായിരുന്ന ടിപ്പു സുല്‍ത്താന്റെ ഏഴാം തലമുറയിലെ ചെറുമകളായ നൂര്‍ ഇനായത്ത് ഖാന്റെ ഓര്‍മക്കായി സ്റ്റാമ്പ് ഇറക്കി ഫ്രെഞ്ച് തപാല്‍ വകുപ്പ്. രണ്ടാം ലോക മഹായുദ്ധകാലത്ത് ജര്‍മനിയിലെ നാസികള്‍ക്കെതിരായ ഫ്രെഞ്ച് പ്രതിരോധത്തില്‍ പ്രവര്‍ത്തിച്ചതിനാണ് സ്റ്റാമ്പ്. ചെറുത്തുനില്‍പ്പിലെ പ്രധാനികള്‍ എന്ന പേരിലുള്ള പരമ്പരയിലാണ് നൂറിന്റെ സ്റ്റാമ്പും ഉള്‍പ്പെട്ടത്.
രണ്ടാം ലോകമഹായുദ്ധം അവസാനിച്ചതിന്റെ 80ാം വാര്‍ഷികത്തില്‍ സ്റ്റാമ്പ് ഇറക്കിയതില്‍ സന്തോഷമുണ്ടെന്ന് നൂറിന്റെ ജീവചരിത്രം എഴുതിയ ഷര്‍ബാനി ബസു പറഞ്ഞു. ''ഫാസിസത്തിനെതിരേ നൂര്‍ പോരാടി. പാരിസിലാണ് അവള്‍ വളര്‍ന്നത്. ഇംഗ്ലണ്ടിലെ യുദ്ധസന്നാഹത്തിന്റെ ഭാഗമായി. ഫ്രാന്‍സിലെ സാധാരണക്കാര്‍ ഉപയോഗിക്കുന്ന സ്റ്റാമ്പില്‍ നൂറിന്റെ ചിത്രം വരുന്നത് സന്തോഷകരമാണ്.''-ഷര്‍ബാനി ബസു പറഞ്ഞു. ബ്രിട്ടീഷ് വുമന്‍സ് ആക്‌സിലറി എയര്‍ഫോഴ്‌സിന്റെ യൂണിഫോം ധരിച്ച നൂറിന്റെ ചിത്രമാണ് സ്റ്റാമ്പിലുണ്ടാവുക. 2014ല്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ നൂറിനെ ആദരിച്ചിരുന്നു.
ടിപ്പു സുല്‍ത്താന്റെ പിന്‍ഗാമിയും സൂഫി പണ്ഡിതനും സംഗീതജ്ഞനുമായ ഹസ്രത്ത് ഇനായത്ത് ഖാന്‍ വിവാഹം കഴിച്ചത് യുഎസ് പൗരയായ ഓറ റേയ് ബക്കറെയാണ്.
പിന്നീട് അവര്‍ ആമിന ബീഗം ഓറ റെയ് ബക്കര്‍ എന്നറിയപ്പെട്ടു. ഈ ബന്ധത്തില്‍ 1914 ജനുവരി ഒന്നിന് റഷ്യയിലെ മോസ്‌കോയിലാണ് നൂര്‍ ജനിച്ചത്. പിന്നീട് ഇംഗ്ലണ്ടിലേക്കും ഫ്രാന്‍സിലേക്കും പോയി. പാരിസിലാണ് നൂര്‍ വിദ്യാഭ്യാസം നേടിയത്. 1940ല്‍ നാസികള്‍ ഫ്രാന്‍സ് പിടിച്ചെടുത്തപ്പോള്‍ കുടുംബം ബ്രിട്ടനിലേക്ക് പോയി. അവിടെ വച്ചാണ് നൂര്‍ ബ്രിട്ടീഷ് വുമന്‍സ് ആക്‌സിലറി എയര്‍ഫോഴ്‌സില്‍ ചേര്‍ന്നത്. 1943 ഫെബ്രുവരി എട്ടിന് സ്‌പെഷ്യല്‍ ഓപ്പറേഷന്‍സ് എക്‌സിക്യൂട്ടീവില്‍ ചേര്‍ന്നു. നാസികള്‍ പിടിച്ചെടുത്ത പ്രദേശങ്ങളിലെ ചാരവൃത്തി, അട്ടിമറി, നിരീക്ഷണം എന്നിവയായിരുന്നു പ്രവര്‍ത്തനങ്ങള്‍.
റേഡിയോ ഓപ്പറേറ്ററായിരുന്ന നൂറും സംഘവും 1943 ജൂണില്‍ നാസി അധിനിവേശത്തിലുള്ള ഫ്രാന്‍സില്‍ പ്രവേശിച്ചു. അധികം വൈകാതെ നാസി സൈന്യം അവരെ പിടികൂടി. കുപ്രസിദ്ധമായ ഡക്കാവു തടങ്കല്‍ പാളയത്തിലാണ് നൂറിനെ അടച്ചത്. അവിടെ വച്ച് 1944 സെപ്റ്റംബര്‍ 13ന് നൂറിനെ വധിച്ചു. അന്ന് അവര്‍ക്ക് 30 വയസുമാത്രമായിരുന്നു പ്രായം. 1949ല്‍ ഫ്രാന്‍സും ബ്രിട്ടനും നൂറിന് ധീരതക്കുള്ള മരണാനന്തരപുരസ്‌കാരം സമ്മാനിച്ചു.
