അപകീര്‍ത്തിപ്പെടുത്തല്‍ ക്രിമിനല്‍ കുറ്റം അല്ലാതാക്കേണ്ട സമയമായി: സുപ്രിംകോടതി
ന്യൂഡല്‍ഹി: അപകീര്‍ത്തിപ്പെടുത്തല്‍ ക്രിമിനല്‍ കുറ്റമല്ലാതാക്കാന്‍ സമയമായെന്ന് സുപ്രിം കോടതി. ഡല്‍ഹിയിലെ ജവഹര്‍ ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ പ്രഫസറായ അമിത സിങ് ഓണ്‍ലൈന്‍ മാധ്യമമായ ദി വയറിനെതിരേ നല്‍കിയ അപകീര്‍ത്തിപ്പെടുത്തല്‍ കേസ് പരിഗണിക്കവെയാണ് ജസ്റ്റിസ് എം എം സുന്ദരേശ് ഇങ്ങനെ അഭിപ്രായപ്പെട്ടത്. 2016ല്‍ 'ദി വയര്‍' പ്രസിദ്ധീകരിച്ച ഒരു വാര്‍ത്താ ലേഖനത്തിനെതിരെയാണ് അമിത സിങ് അപകീര്‍ത്തിപ്പെടുത്തല്‍ കേസ് നല്‍കിയത്. 'ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റി: വിഘടനവാദത്തിന്റെയും ഭീകരതയുടെയും കേന്ദ്രം' എന്ന തലക്കെട്ടിലുള്ള 200 പേജുള്ള റിപോര്‍ട്ട് തയ്യാറാക്കിയതില്‍ അമിത സിങിന് പങ്കുണ്ടെന്ന് ലേഖനത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ജെഎന്‍യു സംഘടിത സെക്‌സ് റാക്കറ്റിന്റെ താവളമാണെന്നും 200 പേജുള്ള റിപോര്‍ട്ടില്‍ ആരോപണമുണ്ടായിരുന്നു. ഇക്കാര്യവും ദി വയറിലെ റിപോര്‍ട്ടില്‍ പരാമര്‍ശിച്ചു. തുടര്‍ന്നാണ് അമിത സിങ് ദി വയറിനെതിരേ കേസ് കൊടുത്തത്. ഈ കേസില്‍ മജിസ്‌ട്രേറ്റ് കോടതി ദി വയറിന് സമന്‍സ് അയച്ചു. ഈ സമന്‍സ് ഹൈക്കോടതി ശരിവയ്ക്കുകയും ചെയ്തു. തുടര്‍ന്നാണ് ദി വയര്‍ സുപ്രിംകോടതിയെ സമീപിച്ചത്. കേസില്‍ അമിത സിങിന് സുപ്രിംകോടതി നോട്ടിസ് അയച്ചു. അപകീര്‍ത്തിക്കേസുകള്‍ ഇല്ലാതാക്കേണ്ട സമയമാണെന്ന നിരീക്ഷണത്തോട് ദി വയറിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബലും യോജിച്ചു.