''ആണവ ചര്‍ച്ചയ്ക്കുള്ള സമയം തീരുന്നു, മോശം ആക്രമണമുണ്ടാവാം'': ഇറാനോട് ട്രംപ്
വാഷിങ്ടണ്‍: ആണവ പദ്ധതികളില്‍ കരാറുണ്ടാക്കാനുള്ള ചര്‍ച്ചകള്‍ക്കുള്ള സമയം തീരുകയാണെന്നും ഇറാനെതിരേ മോശം ആക്രമണമുണ്ടാവാമെന്നും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. '' ഇറാന്‍ എത്രയും വേഗം ചര്‍ച്ചകള്‍ക്ക് തയ്യാറാവുമെന്നും ആണവായുധമില്ലാത്ത, എല്ലാവര്‍ക്കും തൃപ്തികരമായ കരാറില്‍ എത്തുമെന്നുമാണ് പ്രതീക്ഷിക്കുന്നത്.''-ട്രംപ് പറഞ്ഞു. ഇറാനുമായി ചര്‍ച്ച നടത്തി തര്‍ക്കങ്ങള്‍ പരിഹരിക്കാനാണ് ട്രംപിന് താല്‍പര്യമെന്ന് വൈറ്റ്ഹൗസ് വൃത്തങ്ങള്‍ പറഞ്ഞു. എന്നാല്‍, വെനുസ്വേലയിലേക്ക് മുമ്പ് അയച്ചതിനേക്കാള്‍ അധികം സൈനികരെയാണ് ഇറാന് സമീപത്തേക്ക് അയച്ചിരിക്കുന്നത്.
അതേസമയം, ശത്രുവിന്റെ സാഹസികത അവര്‍ക്ക് വലിയ നാശങ്ങളുണ്ടാക്കുമെന്ന് ഇറാനിലെ മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥനായ റിയര്‍ അഡ്മിറല്‍ ഹബീബുല്ല സയ്യാരി പറഞ്ഞു. '' സൈനികനടപടിയിലൂടെ ഫലം നേടാനാവാതെ വന്നതോടെ ശത്രു ഭീഷണിമുഴക്കുകയാണ്. ഈ മേഖലയില്‍ ഇറാന് അനുഭവസമ്പത്തുണ്ട്. പലതരം യുദ്ധങ്ങള്‍ നേരിട്ടവരാണ് ഇറാനികള്‍.''-അദ്ദേഹം പറഞ്ഞു.