കടുവ ആക്രമണം: മനുഷ്യജീവന് വിലകല്‍പ്പിക്കാത്ത വനം വകുപ്പ് ജനങ്ങളുടെ ക്ഷമ പരീക്ഷിക്കരുത്: സാദിഖ് നടുത്തൊടി

Update: 2025-05-15 05:55 GMT

മലപ്പുറം: നിരന്തരമായി വന്യജീവികളുടെ ആക്രമണത്തിന് ഇരയാവേണ്ടി വരുന്ന ജനങ്ങളുടെ ക്ഷമ വനംവകുപ്പ് പരീക്ഷിക്കരുതെന്ന് എസ്ഡിപിഐ മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ.സാദിഖ് നടുത്തൊടി. കാളികാവ് അടയ്ക്കാക്കുണ്ടില്‍ റബ്ബര്‍ ടാപ്പിങ്ങിന് പോയ തൊഴിലാളിയെ കടുവ കൊലപെടുത്തിയ സംഭവം ഞെട്ടിക്കുന്നതാണ്. ചോക്കാട് കല്ലാമൂല സ്വദേശി അബ്ദുല്‍ ഗഫൂറാണ് കൊല്ലപ്പെട്ടിരിക്കുന്നത്. ജനവാസ മേഖലയിലേക്ക് വന്യമൃഗങ്ങള്‍ കടക്കാതിരിക്കാന്‍ ശക്തമായ സംവിധാനം ഒരുക്കാന്‍ ആധുനിക കാലത്ത് സര്‍ക്കാറിന് കഴിയാത്തത് വിരോധാഭാസമാണ്. ഇല്ലാത്ത മാവോവാദി ഭീഷണിക്കെതിരെ മലയോര മേഖലയിലടക്കം കോടികള്‍ പാഴാക്കുന്ന ഭരണകൂടം വന്യമൃഗങ്ങളില്‍ നിന്ന് ജനങ്ങളെ രക്ഷിക്കാന്‍ ശ്രമിക്കാതിരിക്കുന്നത് വെല്ലുവിളിയാണ്. ജനങ്ങള്‍ക്ക് പ്രശ്‌നങ്ങള്‍ നിരന്തരം വിളിച്ചു പറഞ്ഞിട്ടും സര്‍ക്കാര്‍ അതിനെ ഗൗരവത്തില്‍ എടുക്കാത്തതാണ് ജീവനുകള്‍ നഷ്ടപ്പെടാന്‍ കാരണം. അധികൃതരുടെ ഈ നിസംഗതയ്ക്ക് മുന്നില്‍ കൈയ്യും കെട്ടി നോക്കിയിരിക്കാന്‍ കഴിയില്ല. മനുഷ്യജീവനു വില കല്‍പ്പിക്കാത്ത ഭരണാധികാരികളുടെ മുന്നില്‍ നിശബ്ദമായിരിക്കാന്‍ കഴിയില്ലെന്നും ശക്തമായ പ്രതിഷേധങ്ങള്‍ക്ക് എസ്ഡിപിഐ. നേതൃത്വം നല്‍കുമെന്നും അഡ്വ.സാദിഖ് നടുത്തൊടി പറഞ്ഞു.