തൃശൂര്‍ മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് രക്ഷപ്പെട്ട നേപ്പാള്‍ സ്വദേശി മൂന്നുപേരെ കുത്തി പരിക്കേല്‍പ്പിച്ചു

Update: 2026-02-14 04:27 GMT

തൃശൂര്‍: തൃശൂര്‍ മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് രക്ഷപ്പെട്ട നേപ്പാള്‍ സ്വദേശി മൂന്നുപേരെ കുത്തി പരിക്കേല്‍പ്പിച്ചു. കാമത്ത് ലെയിനില്‍ നിന്ന് ഹോട്ടലുടമയെ കുത്തി പടിഞ്ഞാറേ കോട്ടയിലെത്തി രണ്ടുപേരെ കുത്തുകയായിരുന്നു. പരിക്കേറ്റവരെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

നേപ്പാള്‍ സ്വദേശിയായ ഇയാളെ ഇന്ന് പുലര്‍ച്ചെയാണ് ആലുവ പൊലീസ് തൃശൂരിലെ മാനസികാരോഗ്യ കേന്ദ്രത്തിലെത്തിച്ചത്. കേന്ദ്രത്തിലെത്തിച്ച് അരമണിക്കൂറിനുള്ളില്‍ ഇയാള്‍ ഇറങ്ങിപ്പോകുകയായിരുന്നു. ബാത്റൂം വഴി ചാടിപ്പോയെന്നാണ് പ്രാഥമിക നിഗമനം. തുടര്‍ന്ന് കാമത്ത് ലെയിനിലെത്തിച്ചേര്‍ന്ന ഇയാള്‍ മുരളി(66)യെന്ന ഹോട്ടലുടമയെ കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. ശേഷം കാല്‍നടയായി പടിഞ്ഞാറേ കോട്ടയിലെത്തി രണ്ടുപേരെ കൂടി കുത്തിപ്പരിക്കേല്‍പ്പിക്കുകയും ചെയ്തു.

പരിക്കേറ്റ മുരളിയെ തൃശൂരിലെ അശ്വിനി ആശുപത്രിയിലും മറ്റ് രണ്ടുപേരെ ജൂബിലി ആശുപത്രിയിലും പ്രവേശിപ്പിച്ചു. പ്രതിയെ പൊലീസ് വീണ്ടും പിടികൂടുകയും മാനസികാരോഗ്യ കേന്ദ്രത്തിലെത്തിച്ച് ചികിത്സ നല്‍കുകയും ചെയ്തു.