തൃശൂര്‍ വെടിക്കെട്ട് ദുരന്തം: ഉന്നതതല അന്വേഷണം വേണമെന്ന് രമേശ് ചെന്നിത്തല; സാമ്പത്തിക സഹായം നല്‍കണമെന്ന് സണ്ണി ജോസഫ്
തൃശൂര്‍: മുണ്ടത്തിക്കോട് പടക്ക നിര്‍മ്മാണ കേന്ദ്രത്തിലുണ്ടായ സ്ഫോടനത്തെ സംബന്ധിച്ച് ഉന്നതല അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല. പതിമൂന്നോളം പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത ദുരന്തം ഏറെ നടുക്കുന്നതും വേദനാജനകവുമാണ്. പരിക്കേറ്റ എല്ലാവര്‍ക്കും മികച്ച ചികിത്സ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണം. ഗുരുതരമായി പരിക്കേറ്റവരുടെ ചികിത്സയ്ക്ക് പ്രത്യേക മെഡിക്കല്‍ സംഘത്തെ നിയോഗിക്കണം. സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്തി വീഴ്ചയുണ്ടോ എന്ന് പരിശോധിക്കണം.മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് മതിയായ നഷ്ടപരിഹാരം സര്‍ക്കാര്‍ ഉടന്‍ പ്രഖ്യാപിക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
തൃശൂര്‍ പൂരത്തിന്റെ ഒരുക്കങ്ങള്‍ക്കിടെ പടക്ക നിര്‍മ്മാണ കേന്ദ്രത്തിലുണ്ടായ സ്ഫോടനം ഞെട്ടിക്കുന്നതാണെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടമാവുകയും തൊഴിലാളികള്‍ക്ക് ഗുരുതര പൊള്ളലേല്‍ക്കുകയും ചെയ്തു. അപകടത്തില്‍പ്പെട്ടവര്‍ക്കും മരണമടഞ്ഞവരുടെ കുടുംബങ്ങള്‍ക്കും അര്‍ഹമായ സാമ്പത്തിക സഹായം നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണം. പരിക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ സര്‍ക്കാര്‍ ഉറപ്പാക്കണമെന്നും സണ്ണി ജോസഫ് പറഞ്ഞു.
അപകടത്തില്‍ ജീവന്‍ പൊലിഞ്ഞവരുടെ കുടുംബങ്ങളുടെയും നാട്ടുകാരുടെയും ദുഃഖത്തില്‍ പങ്കുചേരുന്നതോടൊപ്പം മരണപ്പെട്ടവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നുവെന്നും സണ്ണി ജോസഫ് പറഞ്ഞു.
