ലഖ്‌നോ: ഹിന്ദു മതഗ്രന്ഥമായ മനുസ്മൃതി കത്തിക്കുന്നതിന്റെ മൂന്നുവര്‍ഷം മുമ്പുള്ള വീഡിയോ സോഷ്യല്‍മീഡിയയില്‍ വീണ്ടും വൈറലായതിനെ തുടര്‍ന്ന് മൂന്നുപേരെ പോലിസ് അറസ്റ്റ് ചെയ്തു. അജിത് കുമാര്‍, പ്രിയങ്ക വരുണ്‍ അടക്കം മൂന്നുപേരെയാണ് റായ് ബറെയ്‌ലിയിലെ ദീഹ് പോലിസ് അറസ്റ്റ് ചെയ്തത്. പ്രതികളെയെല്ലാം ജയിലില്‍ അടച്ചു. ഹിന്ദുത്വ സംഘടനാ നേതാക്കളായ കുല്‍ദീപ് പഥക്, ഭയ്യ തിവാരി, ആകാശ് എന്നിവര്‍ ഈ വിഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയും നടപടി ആവശ്യപ്പെടുകയുമായിരുന്നു. ഷാഹ്ഗഞ്ച് പോലിസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. തുടര്‍ന്ന് അന്വേഷണം ദീഹ് പോലിസിന് കൈമാറുകയായിരുന്നു.
പുരാതന ഹിന്ദു മതഗ്രന്ഥമാണ് മനുസ്മൃതി. ഹിന്ദു സമൂഹത്തിന്റെ സാമൂഹിക, നിയമ, ധാര്‍മിക വശങ്ങള്‍ ഈ ഗ്രന്ഥം രേഖപ്പെടുത്തിയിരിക്കുന്നു. ഓരോ ജാതികള്‍ക്കും ഉള്ള കടമ, രാജകടമ, വിവാഹം, ദൈനംദിന ജീവിതം, തുടങ്ങിയ കാര്യങ്ങളില്‍ ഗ്രന്ഥം നിര്‍ദേശങ്ങള്‍ നല്‍കുന്നു. ജാതി, ലിംഗം എന്നിവയുമായി ബന്ധപ്പെട്ട കടമകള്‍ ദലിത്, പിന്നാക്ക ജാതികളുടെ വിമര്‍ശനത്തിന് കാരണമായിട്ടുണ്ട്. അതിന്റെ ഭാഗമായി വിവിധ പ്രസ്ഥാനങ്ങള്‍ ഈ ഗ്രന്ഥം പ്രതീകാത്മകമായി അഗ്നിക്കിരയാക്കുന്നു. എന്നാല്‍, കേന്ദ്രസര്‍ക്കാര്‍ അടുത്തിടെ കൊണ്ടുവന്ന പുതിയ കരട് തൊഴില്‍ നിയമം മനുസ്മൃതി ഉയര്‍ത്തിപിടിക്കുന്നു.
