പള്ളി ആക്രമിക്കാന്‍ പദ്ധതിയിട്ട നാസി അനുഭാവികളെ 29 വര്‍ഷം തടവിന് ശിക്ഷിച്ച് ബ്രിട്ടീഷ് കോടതി
ലണ്ടന്‍: ബ്രിട്ടനിലെ ലീഡ്‌സില്‍ മുസ്‌ലിം പള്ളിയും ഇസ്‌ലാമിക് സെന്ററും ആക്രമിക്കാന്‍ ഗൂഡാലോചന നടത്തിയ മൂന്നു നാസി അനുഭാവികളെ മൊത്തം 29 വര്‍ഷം തടവിന് ശിക്ഷിച്ചു. ടിങ്‌ളി സ്വദേശിയായ ബ്രോഗന്‍ സ്റ്റുവര്‍ട്ട്(29), ഡെര്‍ബി സ്വദേശിയായ മാര്‍കോ പിസെറ്റു(26), കണ്ണോക്ക് സ്വദേശിയായ ക്രിസ്റ്റഫര്‍ റിങ്‌റോസ്(35) എന്നിവരെയാണ് ഷെഫീല്‍ഡ് ക്രൗണ്‍ കോടതി ശിക്ഷിച്ചത്. ഇവര്‍ ജയില്‍ മോചിതരായാലും നിരീക്ഷണത്തില്‍ തുടരണമെന്നും കോടതി നിര്‍ദേശിച്ചു.
2024 ഫെബ്രുവരി 20നാണ് മൂന്നംഗ സംഘത്തെ ഭീകരവിരുദ്ധ സേന അറസ്റ്റ് ചെയ്തത്. ആദ്യ കാലത്ത് മുസ്‌ലിംകള്‍ക്കെതിരേ വര്‍ഗീയമായ കമന്റുകള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്ന സംഘം പിന്നീട് ഭീകരരായി മാറിയെന്ന് കോടതി കണ്ടെത്തി. സംഘത്തിന്റെ നേതാവായ ബ്രോഗന്‍ സ്റ്റുവര്‍ട്ട് നാസി യൂനിഫോമിലും വീഡിയോകളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ആക്രമണ പദ്ധതിയുടെ ഭാഗമായി ബോഡി ആര്‍മര്‍, ആയുധങ്ങള്‍ എന്നിവ സംഘം വാങ്ങി. ഏകദേശം 200 തോക്കുകളും കത്തികളുമാണ് പ്രതികളുടെ വീട്ടില്‍ നിന്നും കണ്ടെത്തിയത്. കോടാലികളും ക്രോസ് ബ്രോയും വേട്ടക്കത്തികളും ഇതില്‍ ഉള്‍പ്പെടുന്നു. മാര്‍കോ പിസെറ്റുവിന്റെ കൈയ്യില്‍ നിന്നും സ്റ്റെന്‍ ഗണും കണ്ടെടുത്തു. തങ്ങള്‍ ഫാന്റസിയുടെ പിന്നാലെ പോയതാണെന്നും യഥാര്‍ത്ഥ ആക്രമണ ലക്ഷ്യമുണ്ടായിരുന്നില്ലെന്നും പ്രതികള്‍ കോടതിയില്‍ വാദിച്ചു. പക്ഷേ, കോടതി വാദം തള്ളി.