ഗസയില്‍ മൂന്ന് ഇസ്രായേലി സൈനികര്‍ കൊല്ലപ്പെട്ടു; 12 പേര്‍ക്ക് പരിക്ക്
ഇതോടെ തൂഫാനുല്‍ അഖ്‌സ മുതല്‍ കൊല്ലപ്പെട്ട ഇസ്രായേലി സൈനികരുടെ മൊത്തം എണ്ണം 816 ആയി.
ഗസ സിറ്റി: വടക്കന്‍ ഗസയിലെ ജബലിയയില്‍ ഹമാസിന്റെ ആക്രമണത്തില്‍ മൂന്നു ഇസ്രായേലി സൈനികര്‍ കൊല്ലപ്പെട്ടു. 12 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ മൂന്നു പേരുടെ നില ഗുരുതരമാണ്. ഗിവാറ്റി ബ്രിഗേഡിലെ സൈനികര്‍ കവചിത ട്രക്കില്‍ കയറുന്ന സമയത്ത് ഹമാസ് ആന്റി ടാങ്ക് മിസൈല്‍ ഉപയോഗിച്ച് ആക്രമണം നടത്തുകയായിരുന്നുവെന്ന് ഇസ്രായേലി മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു. പരിക്കേറ്റവരെ ഹെലികോപ്റ്ററിലാണ് ഇസ്രായേലിലേക്ക് കൊണ്ടുപോയത്. സ്റ്റാഫ് സര്‍ജന്റ് ഇദോ സാനോ (20), കോംപാറ്റ് മെഡിക് യെഹൂദ് മനോസോന്‍(19), സ്റ്റാഫ് സര്‍ജന്റ് ബരാക് ഡാനിയല്‍ ഹാല്‍പെന്‍ (19) എന്നിവരാണ് കൊല്ലപ്പെട്ടിരിക്കുന്നത്. ഇതോടെ തൂഫാനുല്‍ അഖ്‌സ മുതല്‍ കൊല്ലപ്പെട്ട ഇസ്രായേലി സൈനികരുടെ മൊത്തം എണ്ണം 816 ആയി. ഗസയില്‍ അധിനിവേശം തുടങ്ങിയ ശേഷം കൊല്ലപ്പെട്ടവരുടെ എണ്ണം 384ഉം ആയി.