പത്തുവയസുകാരിയെ പീഡിപ്പിച്ചെന്ന കേസില്‍ മുത്തച്ഛന് മൂന്ന് ജീവപര്യന്തം

Update: 2025-01-31 11:28 GMT

കൊല്ലം: കുണ്ടറയില്‍ പത്തുവയസുകാരിയെ പീഡിപ്പിച്ചെന്ന കേസില്‍ മുത്തച്ഛനെ മൂന്ന് ജീവപര്യന്തം തടവിന് ശിക്ഷിച്ചു. പത്തും പതിമൂന്നും വയസുളള സഹോദരിമാരെ പീഡിപ്പിച്ചെന്നും പീഡനത്തില്‍ മനംനൊന്ത് പത്തു വയസുകാരി തൂങ്ങിമരിച്ചെന്നുമായിരുന്നു കേസ്. ഈ കേസില്‍ പ്രതിക്കെതിരേ ആത്മഹത്യാപ്രേരണാ കുറ്റം നിലനില്‍ക്കില്ലെന്ന് കൊട്ടാരക്കര അതിവേഗ പ്രത്യേക കോടതി ജഡ്ജ് അഞ്ജു മീര ബിര്‍ലയുടെ വിധി പറയുന്നു.

ആറാം ക്ലാസ് വിദ്യാര്‍ഥിനിയെ 2017 ജനുവരി പതിനഞ്ചിനാണു വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടത്. കുട്ടി പീഡനത്തിനിരയായെന്ന് പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ട് പുറത്തുവന്നിട്ടും പോലിസ് അന്വേഷണത്തില്‍ വന്‍ വീഴ്ചയുണ്ടായി. കുട്ടിയുടെ അച്ഛന്റെ പരാതി പോലിസ് അവഗണിച്ചു. ഏറെ വൈകിയാണ് പ്രതിയായ മുത്തച്ഛനെ പിടികൂടിയത്. കുട്ടിയുടെ അച്ഛനാണ് പ്രതിയെന്ന് വരുത്തിത്തീര്‍ക്കാനും കുട്ടിയുടെ അമ്മയുടെ അച്ഛനായ പ്രതി ശ്രമിച്ചിരുന്നു. വിചാരണയ്ക്കിടെ പ്രധാനസാക്ഷികള്‍ ഉള്‍പ്പെടെ കൂറുമാറുകയും ചെയ്തു.