''ഗദ്ദാഫിയെ കൊന്നതിന് പ്രതികാരം ചെയ്യും''; ഫ്രഞ്ച് മുന്‍ പ്രസിഡന്റ് നിക്കോളാസ് സര്‍ക്കോസിക്ക് ജയിലില്‍ ഭീഷണി

Update: 2025-10-23 17:04 GMT

പാരിസ്: ലിബിയയില്‍ നിന്ന് പണം കൊണ്ടുവന്ന് ദുരുപയോഗം ചെയ്‌തെന്ന കേസില്‍ ജയിലില്‍ കഴിയുന്ന ഫ്രഞ്ച് മുന്‍ പ്രസിഡന്റ് നിക്കോളാസ് സര്‍ക്കോസിക്ക് വധഭീഷണി. സംഭവത്തെ തുടര്‍ന്ന് ലാ സാന്റെ ജയിലിലെ മൂന്നു തടവുകാരെ പ്രത്യേക കസ്റ്റഡിയിലേക്ക് മാറ്റി. ലിബിയന്‍ ഭരണാധികാരിയായിരുന്ന മുഅമ്മര്‍ അല്‍ ഗദ്ദാഫിയെ കൊലപ്പെടുത്തിയതിന് പ്രതികാരം ചെയ്യുമെന്ന് മൂന്നുപേരും സര്‍ക്കോസിയെ ഭീഷണിപ്പെടുത്തിയതായി റിപോര്‍ട്ടുകള്‍ പറയുന്നു. '' ഓ സര്‍ക്കോ ഉണരൂ.. നീ ഗദ്ദാഫിയെ കൊന്നു....'' ''സര്‍ക്കോസി അവസാനം ഇവിടെ എത്തി... ഇനി അവന്‍ ബുദ്ധിമുട്ടും'' , ''എല്ലാം ഞങ്ങള്‍ക്ക് അറിയാം...ഞങ്ങള്‍ ഗദ്ദാഫിക്ക് വേണ്ടി പ്രതികാരം ചെയ്യാന്‍ പോവുന്നു...'' തുടങ്ങിയ സംഭാഷണങ്ങളുടെ ക്ലിപ്പുകള്‍ ജയില്‍ അധികൃതര്‍ക്ക് ലഭിച്ചു.

ലിബിയന്‍ ഭരണാധികാരിയായിരുന്ന ഗദ്ദാഫിയില്‍ നിന്നും പണം വാങ്ങി അത് 2007ലെ തിരഞ്ഞെടുപ്പില്‍ ഉപയോഗിച്ചു എന്ന കേസിലാണ് സര്‍ക്കോസിയെ ശിക്ഷിച്ചത്. എന്നാല്‍, 2011ല്‍ യൂറോപ്യന്‍ സൈനിക സഖ്യമായ നാറ്റോ ലിബിയയില്‍ അധിനിവേശം നടത്തി. അതിന് നേതൃത്വം നല്‍കിയത് സര്‍ക്കോസിയുടെ ഫ്രാന്‍സായിരുന്നു. ഭീഷണിയെ തുടര്‍ന്ന് സര്‍ക്കോസിക്ക് ജയിലില്‍ 24 മണിക്കൂറും സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജയിലില്‍ നടത്തിയ പരിശോധനയില്‍ നിരവധി ഫോണുകളും മറ്റും പിടിച്ചെടുത്തതായി അധികൃതര്‍ റിപോര്‍ട്ട് ചെയ്തു.