ഇന്‍ഡോര്‍ നഗരസഭ വിതരണം ചെയ്ത വെള്ളം കുടിച്ച് മൂന്നുപേര്‍ മരിച്ചു; 60 പേര്‍ ആശുപത്രിയില്‍

Update: 2025-12-31 02:33 GMT

ഭോപ്പാല്‍: മധ്യപ്രദേശിലെ ഇന്‍ഡോര്‍ നഗരസഭ വിതരണം ചെയ്ത കുടിവെള്ളം കുടിച്ച് മൂന്നു പേര്‍ മരിച്ചു. 60ല്‍ അധികം പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭാഗീരത്പുര പ്രദേശത്ത് വിതരണം ചെയ്ത വെള്ളം കുടിച്ചവര്‍ക്കാണ് ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടത്. പ്രദേശത്ത് നടന്ന കുഴിയെടുക്കല്‍ ജോലിക്കിടെ കുടിവെള്ള പൈപ്പുകളില്‍ ഉണ്ടായ ചോര്‍ച്ച വഴി മലിനജലം കലര്‍ന്നതാകാം അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. നര്‍മദ നദിയില്‍ നിന്നുള്ള വെള്ളമാണ് നഗരസഭ പ്രദേശത്ത് വിതരണം ചെയ്യുന്നത്. സംഭവത്തില്‍ അന്വേഷണം നടക്കുകയാണ്. പ്രദേശത്തെ 1,138 വീടുകളില്‍ നഗരസഭാ ഉദ്യോഗസ്ഥര്‍ നേരിട്ടെത്തി പരിശോധന നടത്തി. രാജ്യത്തെ ഏറ്റവും വൃത്തിയുള്ള നഗരമായി തുടര്‍ച്ചയായി തിരഞ്ഞെടുക്കപ്പെട്ട നഗരമാണ് ഇന്‍ഡോര്‍.