തിരുവനന്തപുരം: ബിജെപി ജില്ലാ പ്രസിഡന്റ് വി വി രാജേഷിനെതിരെ പോസ്റ്റര്‍ പതിപ്പിച്ച സംഭവത്തില്‍ മൂന്ന് പ്രവര്‍ത്തകര്‍ പിടിയില്‍. നാഗരാജ്, മോഹന്‍, അഭിജിത്ത് എന്നിവരാണ് പിടിയിലായത്. ആര്യശാല, വലിയശാല മേഖലയിലെ ബിജെപി പ്രവര്‍ത്തകരാണ് മൂന്നുപേരും. സിസിടിവി ദൃശ്യങ്ങള്‍ അടക്കമുള്ള ഡിജിറ്റല്‍ തെളിവുകളുടെ അടിസ്ഥാനത്തിലാണ് മൂന്നുപേരെയും മ്യൂസിയം പോലിസ് അറസ്റ്റ് ചെയ്തത്.
ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിന് മുന്നിലും വീടിന് മുന്നിലുമായിരുന്നു വി വി രാജേഷിനെതിരായ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്. അനധികൃത സ്വത്ത് സമ്പാദനത്തെക്കുറിച്ച് പാര്‍ട്ടി വിശദമായി അന്വേഷിക്കണം എന്നാവശ്യപ്പെട്ടായിരുന്നു ബിജെപി പ്രതികരണ വേദിയുടെ പേരില്‍ പോസ്റ്റര്‍ പതിച്ചിരുന്നത്.
''ലോക്‌സഭാ തിരഞ്ഞെടുപ്പിലെ രാജീവ് ചന്ദ്രശേഖറിന്റെ തിരഞ്ഞെടുപ്പ് പരാജയത്തിന്റെ പൂര്‍ണ്ണ ഉത്തരവാദിയായ രാജേഷിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കണം. തിരഞ്ഞെടുപ്പില്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയ രാജേഷിനെതിരെ പാര്‍ട്ടി നടപടിയെടുക്കുക. കോണ്‍ഗ്രസില്‍ നിന്നും പണം പറ്റി ബിജെപിയെ തോല്‍പ്പിച്ച വി വി രാജേഷിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുക. ഇഡി റബ്ബര്‍ സ്റ്റാമ്പ് അല്ലെങ്കില്‍ രാജേഷ് അനധികൃതമായി സമ്പാദിച്ച സ്വത്ത് കണ്ടു കെട്ടുക. രാജേഷിന്റെ 15 വര്‍ഷത്തിനുള്ളിലെ സാമ്പത്തിക വളര്‍ച്ചയെക്കുറിച്ച് പാര്‍ട്ടി വിശദമായി അന്വേഷണം നടത്തണം'' എന്നൊക്കെയാണ് പ്രതികള്‍ പോസ്റ്ററില്‍ എഴുതിയിരുന്നത്.
