മുസ്‌ലിം യുവാക്കള്‍ക്കെതിരായ ഹിന്ദുത്വ ആക്രമണം; 38 പേര്‍ക്കെതിരെ കേസ്, മൂന്നു പേര്‍ അറസ്റ്റില്‍

Update: 2025-05-26 02:30 GMT

അലീഗഡ്: മുസ്‌ലിം യുവാക്കള്‍ സഞ്ചരിക്കുകയായിരുന്ന വാനിന് നേരെ ആക്രമണം നടത്തി അതിക്രൂരമായി മര്‍ദ്ദിച്ച ഹിന്ദുത്വ സംഘത്തിലെ മൂന്നു പേരെ അറസ്റ്റ് ചെയ്തു. 38 പേര്‍ക്കെതിരെ കേസെടുത്തതായി അലീഗഡ് പോലിസ് അറിയിച്ചു. കഴിഞ്ഞ ദിവസം നടന്ന ആക്രമണത്തില്‍ അഖീല്‍(35), നദീം(32), അഖീല്‍(43), അര്‍ബാജ്(38) എന്നിവര്‍ക്കാണ് പരിക്കേറ്റിരുന്നത്. ഇതില്‍ അഖീലിന്റെ പിതാവ് സലിം ഖാന്‍ നല്‍കിയ പരാതിയിലാണ് കേസ്. പരിക്കേറ്റ നാലുപേരും അലീഗഡിലെ ജെഎന്‍എംസി ആശുപത്രിയില്‍ ചികില്‍സയിലാണ്.


അഖീലും സുഹൃത്തുക്കളും പനെയ്തി റോഡില്‍ എത്തിയപ്പോള്‍ ചേതന്‍ ലോധി, ശിവം ഹിന്ദു ലോധി, ലവ്കുഷ്, അനുജ് ഭുര, വിജയ്, ഗിരീഷ് കുമാര്‍, അങ്കിത്, റാണ, വിജയ് കുമാര്‍ എന്നിവര്‍ വാഹനം തടഞ്ഞ് 'ചൗത്ത് ആവശ്യപ്പെട്ടെന്ന് സലിം ഖാന്റെ പരാതി പറയുന്നു. മറാത്ത സാമ്രാജ്യ ഭരണകാലത്തെ സംരക്ഷണ പണമാണ് ചൗത്ത്. വരുമാനത്തിന്റെ 25 ശതമാനമാണിത്. അരലക്ഷം രൂപയാണ് സംഘം ആവശ്യപ്പെട്ടത്. പണം നല്‍കില്ലെന്ന് പറഞ്ഞതോടെയാണ് ഇരുമ്പു വടിയും മറ്റും ഉപയോഗിച്ച് ആക്രമണം അഴിച്ചുവിട്ടത്. ജയ് ശ്രീറാമും മറ്റ് മുദ്രാവാക്യങ്ങളും വിളിച്ച് ആക്രമിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

അതേസമയം, വിജയ് ബജ്‌റങി എന്ന ഹിന്ദുത്വന്‍ നല്‍കിയ പരാതിയില്‍ പശുക്കടത്തിനും പോലിസ് കേസെടുത്തു. ബജ്‌റങ്ദളുമായും മറ്റു സംഘടനകളുമായും തനിക്ക് ബന്ധമില്ലെന്നും ഇയാള്‍ പോലിസിനോട് പറഞ്ഞിട്ടുണ്ട്. എരുമ മാംസം കൊണ്ടുപോവാന്‍ അഖീലിന് അനുമതിയുണ്ടായിരുന്നുവെന്ന് ഹര്‍ദുഗഞ്ച് എസ്എച്ച്ഒ കുമാര്‍ പറഞ്ഞു.