സയ്യിദ് ഹസന്‍ നസറുല്ലയുടെയും സഫിയുദ്ദീന്റെയും സംസ്‌കാരചടങ്ങില്‍ പങ്കെടുത്ത് ആയിരങ്ങള്‍ (വീഡിയോ)

Update: 2025-02-23 13:21 GMT

ബെയ്‌റൂത്ത്: ഇസ്രായേലി വ്യോമാക്രമണത്തില്‍ രക്തസാക്ഷിയായ ഹിസ്ബുല്ല നേതാക്കളായ സയ്യിദ് ഹസന്‍ നസറുല്ലയ്ക്കും സയ്യിദ് ഹാഷിം സഫിയുദ്ദീനും അന്തിമോപചാരം ആര്‍പ്പിച്ച് ലക്ഷങ്ങള്‍. ലോകത്തെ 80 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ അടക്കം ഒരു ലക്ഷത്തില്‍ അധികം പേര്‍ ബെയ്‌റൂത്തിലെ കാമൈല്‍ ചൗമൗന്‍ സ്‌പോര്‍ട്‌സ് സിറ്റി സ്‌റ്റേഡിയത്തില്‍ നടന്ന സംസ്‌കാരചടങ്ങില്‍ അന്തിമോപചാരം അര്‍പ്പിച്ചു.

പ്രത്യേകം തയ്യാറാക്കിയ വാഹനത്തില്‍ ഹിസ്ബുല്ലയുടെ പതാകകള്‍ പുതപ്പിച്ച മൃതദേഹങ്ങള്‍ എത്തിയതോടെ 'ലബ്ബയ്ക യാ നസറുല്ല' എന്ന മുദ്രാവാക്യം ഉയര്‍ന്നു.

അന്തിമോപചാര പരിപാടികള്‍ നടക്കുമ്പോള്‍ ഇസ്രായേലി യുദ്ധവിമാനങ്ങള്‍ ലബ്‌നാനിന്റെ വ്യോമാതിര്‍ത്തി ലംഘിച്ച് പ്രദേശത്ത് എത്തി. താഴ്ന്നു പറന്ന അവ പ്രകോപനമുണ്ടാക്കാന്‍ ശ്രമിച്ചു. യുദ്ധവിമാനങ്ങളുടെ എഞ്ചിനേക്കാള്‍ ശബ്ദത്തില്‍ ജനങ്ങള്‍ പ്രതികരിച്ചു.

ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈയുടെ ലബ്‌നാനിലെ പ്രതിനിധി സയ്യിദ് മൊജ്താബ ഹുസൈനി ചടങ്ങില്‍ സംസാരിച്ചു. യുഎസ് നേതൃത്വത്തിലുള്ള ആഗോള അതിക്രമത്തിനെതിരായ പോരാട്ടത്തിന് ഇറാന്‍ പൂര്‍ണ്ണ പിന്തുണ നല്‍കുന്നതായി സയ്യിദ് മൊജ്താബ പറഞ്ഞു.

സയ്യിദ് നസറുല്ലയുടെ പാത ഹിസ്ബുല്ല പിന്തുടരമെന്ന് നിലവിലെ സെക്രട്ടറി ജനറലായ ശെയ്ഖ് നഈം ഖാസിം പരിപാടിയില്‍ പങ്കെടുത്തവര്‍ക്ക് ഉറപ്പുനല്‍കി. സ്റ്റേഡിയത്തിലെ പരിപാടിക്ക് ശേഷം സയ്യിദ് ഹസന്‍ നസറുല്ലയുടെ മൃതദേഹം തെക്കന്‍ ബെയ്‌റൂത്തില്‍ മറവ് ചെയ്യാന്‍ കൊണ്ടുപോയി. സയ്യിദ് ഹാഷിം സെയ്ഫുദ്ദീന്റെ മൃതദേഹം തിങ്കളാഴ്ച്ച അദ്ദേഹത്തിന്റെ നാടായ ദെയ്ര്‍ ക്വാനന്‍ അല്‍ നഹറിലാണ് മറവ് ചെയ്യുക.

ഫലസ്തീനികള്‍ തൂഫാനുല്‍ അഖ്‌സ തുടങ്ങിയ ഉടന്‍ ഗസയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് ഹിസ്ബുല്ല ഇസ്രായേലിനെ ആക്രമിച്ചിരുന്നു. തുടര്‍ന്ന് ഇസ്രായേലി സൈന്യം ലബ്‌നാനില്‍ അധിനിവേശം നടത്തുകയും ചെയ്തു. ഇതിനെതുടര്‍ന്നാണ് 2024 സെപ്റ്റംബറില്‍ സയ്യിദ് ഹസന്‍ നസറുല്ലയെ വ്യോമാക്രമണത്തില്‍ കൊലപ്പെടുത്തിയത്.