'വിട്ടുപോകേണ്ടവര്‍ക്ക് സ്വതന്ത്രമായി പുറത്ത് പോകാം;താന്‍ ഒരു പുതിയ ശിവസേന സൃഷ്ടിക്കും':ഉദ്ധവ് താക്കറെ

വിമത നേതാവ് ഏക്‌നാഥ് ഷിന്‍ഡേ ബിജെപിക്കൊപ്പം ചേര്‍ന്ന് പാര്‍ട്ടിയെ നശിപ്പിക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു

Update: 2022-06-25 05:58 GMT
മുംബൈ:സ്വന്തം ആളുകളാല്‍ വഞ്ചിക്കപ്പെട്ടിരിക്കുന്ന അവസ്ഥയിലാണ് ശിവസേനയെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രിയും ശിവസേന അധ്യക്ഷനുമായ ഉദ്ധവ് താക്കറെ.വിമത നേതാവ് ഏക്‌നാഥ് ഷിന്‍ഡേ ബിജെപിക്കൊപ്പം ചേര്‍ന്ന് പാര്‍ട്ടിയെ നശിപ്പിക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.വിട്ടുപോകേണ്ടവര്‍ക്ക് സ്വതന്ത്രമായി പുറത്ത് പോകാമെന്നും,പക്ഷേ താന്‍ ഒരു പുതിയ ശിവസേന സൃഷ്ടിക്കുമെന്നും താക്കറെ വ്യക്തമാക്കി.പാര്‍ട്ടി ഭാരവാഹികളെ വെര്‍ച്വലായി അഭിസംബോധന ചെയ്താണ് ഉദ്ധവ് താക്കറെ ഈ കാര്യം വ്യക്തമാക്കിയത്.

പ്രവര്‍ത്തകരാണ് പാര്‍ട്ടിയുടെ സമ്പത്തെന്നും അവര്‍ തന്നോടൊപ്പം ഉള്ളിടത്തോളം വിമര്‍ശനങ്ങളൊന്നും കാര്യമാക്കില്ലെന്നും അദ്ദേഹം പറഞ്ഞു.'സ്വന്തം ആളുകളാല്‍ വഞ്ചിക്കപ്പെട്ടിരിക്കുകയാണ് ശിവസേന. നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ നിങ്ങളൊക്കെയാണ് ഇപ്പോള്‍ വിമതരായിട്ടുള്ളവര്‍ക്ക് സീറ്റ് നല്‍കിയത്. നിങ്ങള്‍ കഠിനാധ്വാം ചെയ്ത് അവരെ തിരഞ്ഞെടുത്തതിന് ശേഷം അവര്‍ക്ക് അസംതൃപ്തി ഉണ്ടായിരിക്കുകയാണ്. ഈ നിര്‍ണായക സമയത്ത് പാര്‍ട്ടിക്കൊപ്പം നില്‍ക്കുന്നതിന് എനിക്ക് നിങ്ങളോട് നന്ദി പറഞ്ഞാല്‍ മതിയാകില്ല' ഉദ്ധവ് പാര്‍ട്ടി പ്രവര്‍ത്തകരോട് പറഞ്ഞു.

'വിമതപക്ഷത്തിന് ബിജെപിയില്‍ ചേരുകയല്ലാതെ മറ്റുവഴികളില്ല,അവര്‍ ഒരു സര്‍ക്കാര്‍ രൂപീകരിച്ചാലും അത് അധിക കാലം നിലനില്‍ക്കില്ല. കാരണം അവരില്‍ പലരും സന്തുഷ്ടരല്ല. അടുത്ത തിരഞ്ഞെടുപ്പില്‍ വിമതര്‍ക്ക് ജയിക്കാനാകില്ലെന്നും' താക്കറെ പറഞ്ഞു. ബിജെപി തങ്ങളോട് മോശമായിയിട്ടാണ് പെരുമാറിയിട്ടുള്ളത്. വാഗ്ദാനങ്ങള്‍ പാലിച്ചില്ല. വിമതരില്‍ പലര്‍ക്കുമെതിരെ നിരവധി കേസുകളുണ്ട്. ബിജെപിക്കൊപ്പം പോയാല്‍ അവര്‍ ശുദ്ധരാകും, നമ്മുടെ കൂടെനിന്നാല്‍ ജയിലില്‍ പോകും. ഇത് സൗഹൃദത്തിന്റെ അടയാളമാണോയെന്നും താക്കറെ ചോദിച്ചു.

'ഒരു ശിവസേന പ്രവര്‍ത്തകന്‍ ബിജെപിക്കൊപ്പം പോകുകയാണെങ്കില്‍ തീര്‍ച്ചയായും മുഖ്യമന്ത്രിയാകാണം. എന്നാല്‍ ഉപമുഖ്യമന്ത്രിയാകാനാണ് ബിജെപിക്കൊപ്പം പോകുന്നതെങ്കില്‍ എന്നോട് പറഞ്ഞാല്‍ മതി, ഞാന്‍ നിങ്ങളെ ഉപമുഖ്യമന്ത്രിയാക്കാം'ഷിന്‍ഡേയുടെ പേര് പരാമര്‍ശിക്കാതെ ഉദ്ധവ് പറഞ്ഞു.

ശിവസേനയ്ക്ക് ഒരു പ്രത്യയശാസ്ത്രമുണ്ട്. ഹിന്ദുവോട്ട് ആരുമായും പങ്കിടാന്‍ ആഗ്രഹിക്കാത്തത് കൊണ്ട് ബിജെപി സേനയെ അവസാനിപ്പിക്കാനുള്ള ശ്രമം നടത്തികൊണ്ടിരിക്കും. ഹിന്ദുത്വ വോട്ടുകള്‍ ഭിന്നിക്കാതിരിക്കാന്‍ മാത്രമാണ് ബിജെപിയുമായി ബാല്‍ താക്കറെ സഖ്യമുണ്ടാക്കിയതെന്നും ഉദ്ദവ് താക്കറെ പറഞ്ഞു.

അതേസമയം രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായ മഹാരാഷ്ട്രയില്‍ വിമതര്‍ക്കെതിരേ നിയമപരമായ നടപടികള്‍ക്ക് തയ്യാറായിരിക്കുകയാണ് ശിവസേന ഔദ്യോഗിത വിഭാഗം. 16 എംഎല്‍എമാരെ അയോഗ്യരാക്കണമെന്ന ശിവസേന ഔദ്യോഗിക വിഭാഗത്തിന്റെ ശുപാര്‍ശയില്‍ ഡെപ്യൂട്ടി സ്പീക്കര്‍ ഇന്ന് നോട്ടിസയക്കും. ഇതിന് ലഭിക്കുന്ന മറുപടി അനുസരിച്ചായിരിക്കും കൂറ് മാറ്റ നിരോധന നിയമപ്രകാരം നടപടിയുണ്ടാവുക.

ഡെപ്യൂട്ടി സ്പീക്കറെ മാറ്റണമെന്ന ആവശ്യവുമായി വിമത എംഎല്‍എമാര്‍ പ്രമേയം പാസാക്കി. 46 പേരാണ് പ്രമേയത്തില്‍ ഒപ്പ് വച്ചത്. ഭരണ പ്രതിസന്ധിക്കിടെ ശിവസേനയുടെ നിര്‍ണായക യോഗം ഇന്ന് ചേരും. ഒരു മണിക്ക് മുംബൈയില്‍ നടക്കുന്ന യോഗത്തില്‍ ഉദ്ധവ് താക്കറെ ഓണ്‍ലൈനായി പങ്കെടുക്കും. സേനാ പ്രവര്‍ത്തകര്‍ അക്രമം അഴിച്ച് വിട്ടേക്കാമെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് പോലിസ് സ്‌റ്റേഷനുകളില്‍ അതിജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇന്നലെ കുര്‍ളയില്‍ വിമത എംഎല്‍എയുടെ ഓഫിസിന് നേരെ ആക്രമണമുണ്ടായിരുന്നു.

Tags:    

Similar News