തിരുവനന്തപുരം കോര്‍പറേഷന്‍; പൊതുമേയര്‍ സ്ഥാനാര്‍ഥി ആശയത്തെ പിന്തുണയ്ക്കാതെ യുഡിഎഫ്
തിരുവനന്തപുരം: കോര്‍പറേഷന്‍ ബിജെപി ഭരിക്കുന്നത് തടയാന്‍ എല്‍ഡിഎഫും യുഡിഎഫും മേയര്‍സ്ഥാനത്തേക്ക് പൊതുസ്വതന്ത്രനെ നിര്‍ത്തണമെന്ന ആശയം തുടക്കത്തിലെ പൊളിഞ്ഞു. സിപിഎമ്മിന്റെ നേമം എംഎല്‍എയും മന്ത്രിയുമായ വി ശിവന്‍കുട്ടി അടക്കമുള്ളവര്‍ ബിജെപിയെ ഭരണത്തില്‍നിന്നു മാറ്റിനിര്‍ത്താന്‍ ശ്രമിക്കുമെന്ന തരത്തിലുള്ള ചില പരാമര്‍ശങ്ങള്‍ തുടക്കത്തില്‍ നടത്തി. പക്ഷേ, എല്‍ഡിഎഫുമായി സഹകരിക്കുന്നത് അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ ഗുണം ചെയ്യില്ലെന്ന വിലയിരുത്തലിലാണ് യുഡിഎഫ്. ഇതോടെ യുഡിഎഫുമായി സഹകരിച്ച് ഭരണംപിടിക്കാനില്ലെന്ന പ്രസ്താവനയുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍തന്നെ രംഗത്തെത്തി.
കോര്‍പ്പറേഷനിലെ 101 വാര്‍ഡില്‍ 100 എണ്ണത്തിലാണ് തിരഞ്ഞെടുപ്പു നടന്നത്. ഇതില്‍ 50 വാര്‍ഡുകള്‍ ബിജെപിക്കാണ്. 29 എല്‍ഡിഎഫിനും 19 യുഡിഎഫിനും. രണ്ട് സ്വതന്ത്രന്‍മാരില്‍ ഒരാള്‍ യുഡിഎഫ് വിമതനുമാണ്. ഇതില്‍ ഏതെങ്കിലും ഒരു സ്വതന്ത്രനെ ഇരുമുന്നണികളും മേയര്‍സ്ഥാനത്തേക്കു പിന്തുണയ്ക്കുക എന്നതായിരുന്നു പദ്ധതി. എങ്കിലും നിരവധി വെല്ലുവിളികളുണ്ട്. രണ്ട് സ്വതന്ത്രന്‍മാരുടെ പിന്തുണകൂടി കിട്ടിയാലും 50 വാര്‍ഡുകളേ വരുന്നുള്ളൂ. മേയര്‍, ഡെപ്യൂട്ടി മേയര്‍ സ്ഥാനങ്ങളിലേക്കു നറുക്കെടുപ്പുവരും. മാറ്റിവെച്ചിട്ടുള്ള വിഴിഞ്ഞം വാര്‍ഡിലെ തിരഞ്ഞെടുപ്പു നടക്കുമ്പോള്‍ ബിജെപി ജയിക്കാന്‍ സാധ്യത കുറവാണ്. ഇവിടെക്കൂടി ജയിച്ചാല്‍ 51 വാര്‍ഡിന്റെ ഭൂരിപക്ഷത്തില്‍ ''ഇന്ത്യാമുന്നണിക്കു'' ഭരണം നിലനിര്‍ത്താമെന്നതായിരുന്നു തന്ത്രം.
പക്ഷേ, ബിജെപിക്കെതിരേ എല്‍ഡിഎഫിനൊപ്പം ചേര്‍ന്നാല്‍ ആറുമാസംകഴിഞ്ഞ് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇതു തിരിച്ചടിക്കുമെന്നായിരുന്നു യുഡിഎഫിന്റെ ആശങ്ക. ഈ ഡീലിന്റെ ആഘാതം ഏറ്റവും കൂടുതല്‍ നേരിടുക യുഡിഎഫിനാകും. ബിജെപിക്കു തടയിട്ടു എന്നതിന്റെ ഗുണഫലം സിപിഎമ്മിനു ലഭിക്കുകയും ചെയ്യും. ഇത്തരം ചര്‍ച്ചകള്‍ ഉയര്‍ത്തിക്കൊണ്ടുവരുന്നത് ബിജെപിക്കെതിരേ നില്‍ക്കുന്നത് സിപിഎമ്മാണെന്ന് വരുത്തിത്തീര്‍ക്കാനാണെന്നും യുഡിഎഫ് കരുതുന്നു.
