''കേരള കുംഭമേളയ്ക്ക്'' ഭാരതപ്പുഴ കൈയ്യേറി; പാലത്തിന്റെയും യജ്ഞശാലയുടെയും നിര്‍മാണം നിര്‍ത്തിവയ്ക്കാന്‍ ഉത്തരവ്

Update: 2026-01-14 04:23 GMT

തിരൂര്‍: ''കേരള കുംഭമേള''യെന്ന പേരില്‍ ഇതാദ്യമായി സംഘടിപ്പിക്കുന്ന പരിപാടിയുടെ ഭാഗമായ താല്‍ക്കാലിക പാലത്തിന്റെയും യജ്ഞശാലയുടെയും നിര്‍മാണം നിര്‍ത്തിവയ്ക്കാന്‍ റവന്യു വകുപ്പ് നോട്ടിസ് നല്‍കി. തിരുനാവായ നവാമുകുന്ദ ക്ഷേത്രത്തിനടുത്തുനിന്ന് തവനൂരിലേക്കാണ് താല്‍ക്കാലിക പാലം നിര്‍മിക്കുന്നത്. ഇന്നലെ പണി നടക്കുന്ന സമയത്താണ് റവന്യു ഉദ്യോഗസ്ഥര്‍ നിര്‍മാണത്തൊഴിലാളികളോട് പണിനിര്‍ത്താന്‍ ആവശ്യപ്പെട്ടത്. കഴിഞ്ഞ എട്ടിന് പുഴയിലെ നിര്‍മാണങ്ങള്‍ നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് നോട്ടിസുമായി തിരുനാവായ വില്ലേജ് ഓഫിസില്‍നിന്ന് ഉദ്യോഗസ്ഥരെത്തിയിരുന്നു. ഇതു കൈപ്പറ്റാന്‍ സംഘാടകരില്ലാത്തതു കൊണ്ട് ഒന്‍പതിന് വില്ലേജ് ഓഫിസര്‍ നേരിട്ടെത്തി നോട്ടിസ് കൈമാറി. ഇതോടെ പുഴയില്‍നിന്ന് മണ്ണുമാന്തി യന്ത്രങ്ങള്‍ ഒഴിവാക്കിയെങ്കിലും പാലത്തിന്റെ പണി തുടര്‍ന്നു. ഇതാണ് ഇന്നലെയെത്തി തടഞ്ഞത്.

ഭാരതപ്പുഴയില്‍ നിര്‍മാണം നടത്തുന്നതിന് അനുമതി വാങ്ങിയിട്ടില്ലെന്നും അതുകൊണ്ടാണ് നിര്‍ത്തിവയ്പ്പിച്ചതെന്നും കലക്ടര്‍ വി ആര്‍ വിനോദ് പറഞ്ഞു. പുഴയില്‍ നിര്‍മാണം നടത്തുന്നതിന് അനുമതി ആവശ്യമാണ്. ''കുംഭമേള'' തിരുനാവായയില്‍ ആദ്യമായി നടത്തുകയാണ്. ലക്ഷക്കണക്കിന് ആളുകള്‍ വരുമെന്ന് പറയുന്നു. സംസ്ഥാന സര്‍ക്കാരുമായി ബന്ധപ്പെട്ട് ഇതിന് വ്യക്തമായ ആസൂത്രണം ആവശ്യമാണ്. ഇത്രയും ആളുകള്‍ വരുമ്പോള്‍ കൃത്യമായ ദുരന്തനിവാരണ പ്ലാന്‍ ആവശ്യമാണ്. എത്രപേര്‍ വരും, അവര്‍ എവിടെയാണ് താമസിക്കുക, അവരുടെ അടിസ്ഥാന ആവശ്യങ്ങള്‍ നിര്‍വഹിക്കാനുള്ള സംവിധാനം എവിടെയൊരുക്കും, സുരക്ഷയ്ക്കായി എന്തെല്ലാം മാര്‍ഗങ്ങള്‍ സ്വീകരിക്കണം തുടങ്ങിയ കൃത്യമായ പദ്ധതി ഇതിന് ആവശ്യമാണ്. ഇത്തരം നടപടികളൊന്നും ഇക്കാര്യത്തിലുണ്ടായില്ലെന്ന് കലക്ടര്‍ പറഞ്ഞു.

അതേസമയം, തിരുനാവായയിലെ മാഘ മഹോത്സവത്തിന് എല്ലാ തരത്തിലും തലത്തിലും അനുമതിയും സംരക്ഷണവും നല്‍കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടതെന്ന് ഹംസാനന്ദപുരി എന്ന പേരില്‍ അറിയപ്പെടുന്ന ആള്‍ സോഷ്യല്‍മീഡിയയില്‍ പറഞ്ഞു. ''അല്ലാത്തപക്ഷം കേരളത്തിലെ ഭൂരിപക്ഷ ജനതയുടെ വിപരീത ഭാവനയും വിരോധവും വര്‍ദ്ധിക്കുകയും അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ സര്‍ക്കാര്‍ നിലംപതിക്കുകയും ചെയ്യും....അതിനായി ഏതറ്റം വരെയും കേരളത്തിലും അയല്‍ സംസ്ഥാനങ്ങളിലും ഉള്ള സംന്യാസി സമൂഹം പ്രവര്‍ത്തിക്കും. !അത്തരം ഒരു അപകടകരമായ അവസ്ഥ വേണോ എന്ന് അഭ്യന്തര-റവന്യൂ വകുപ്പ് മന്ത്രിമാര്‍ ചിന്തിക്കുക! അല്ലെങ്കില്‍ തന്നെ ശബരിമല വിഷയത്തില്‍ അടക്കം കേരള സര്‍ക്കാരിനോട് വിപരീത മനോഭാവം സാധാരണ ഹിന്ദുക്കള്‍ക്കു പോലും രൂപപ്പെട്ടു കഴിഞ്ഞു. വിഷയം ഇആക അന്വേഷിക്കണമെന്ന് മാര്‍ഗദര്‍ശകമണ്ഡലം പത്രസമ്മേളനത്തിലൂടെ സര്‍ക്കാരിനെയും സമൂഹത്തെയും അറിയിച്ചിട്ടുണ്ട്. കൂടാതെ കേന്ദ്ര ആഭ്യന്തര മന്ത്രിക്കു മുന്‍പാകെ ശബരിമല വിഷയം കൃത്യമായി ബോധിപ്പിച്ചിട്ടുമുണ്ട്.

ഇനി, മലപ്പുറം ജില്ലയിലെ ഏതെങ്കിലും മുസ്‌ലിം മതമൗലികവാദികളുടെ സമ്മര്‍ദ്ദവും ഭീഷണിയുമാണ് മാഘ മഹാല്‍സവത്തിന് അനുമതി നിഷേധിക്കാന്‍ കാരണമെങ്കില്‍ അത് ..കേരളത്തെ ഒരു വര്‍ഗീയ ചേരിതിരിവിലേക്ക് നയിക്കുന്നതിലൂടെ അതിലധികം ദോഷം ചെയ്യും. അതു കൊണ്ട്, കേരളത്തിലെ ഹിന്ദുക്കളുടെ ആത്മാഭിമാനത്തെ പരീക്ഷിക്കുന്ന നടപടികള്‍ക്ക് പകരം ഇക്കാര്യങ്ങള്‍ നല്ലവണ്ണം ചിന്തിച്ച്, സംന്യാസി സമൂഹത്തിനും ഹിന്ദു സമാജത്തിനും നമ്മുടെ നാടിന്റെ സാംസ്‌കാരിക പൈതൃകത്തിനും അനുകാലമായി കൃത്യമായ തീരുമാനങ്ങള്‍

സര്‍ക്കാര്‍ എടുക്കണം എന്ന് ബഹുമാനപ്പെട്ട മുഖ്യമന്ത്രിയോട് അഭ്യര്‍ത്ഥിക്കുകയാണ്.''-ഹംസാനന്ദ പുരിയുടെ സോഷ്യല്‍മീഡിയ പോസ്റ്റ് പറയുന്നു.