കട കുത്തിത്തുറന്ന് 50,000 രൂപ കവര്‍ന്നയാള്‍ അറസ്റ്റില്‍

Update: 2025-02-16 13:21 GMT

കൊച്ചി: കടയുടെ ഷട്ടറുകള്‍ കുത്തിത്തുറന്ന് അരലക്ഷം രൂപ കവര്‍ന്നയാള്‍ അറസ്റ്റില്‍. മാനന്തവാടി വെള്ളമുണ്ട സ്വദേശി സുധീഷി(35)നെയാണ് കൊച്ചി സെന്‍ട്രല്‍ പോലിസ് അറസ്റ്റ് ചെയ്തത്. ഈ മാസം പത്താം തീയതി പുലര്‍ച്ചെ മൂന്നരയ്ക്ക് എറണാകുളം ടി ഡി റോഡിലുള്ള കടയുടെ ഷട്ടറുകള്‍ കുത്തിത്തുറന്ന് അകത്ത് കടന്ന പ്രതി മേശവലിപ്പ് കുത്തിത്തുറന്ന് അതിലുണ്ടായിരുന്ന 50000 രൂപ മോഷ്ടിച്ചു. വയനാട്ടില്‍ എത്തി അവിടെ എസ്‌റ്റേറ്റില്‍ ജോലിക്കാരനായി ഒളിച്ചു താമസിച്ചു വരികയായിരുന്നു. പ്രതി വയനാട്ടില്‍ ഉണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലിസ് സംഘം വയനാട്ടിലെത്തി പിടികൂടുകയായിരുന്നു. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാത്ത പ്രതിയെ കണ്ടു പിടിക്കുക പോലിസിന് ശ്രമകരമായിരുന്നു. വിവിധ സ്‌റ്റേഷനുകളിലായി ഇയാള്‍ക്കെതിരെ ഏഴു കേസുകള്‍ നിലവിലുണ്ടെന്നും പോലിസ് അറിയിച്ചു.