''ഞങ്ങള്‍ നിരപരാധികളാണെന്ന് അവര്‍ക്ക് അറിയാമായിരുന്നു'': മുംബൈ ട്രെയിന്‍ സ്‌ഫോടനങ്ങളില്‍ നിന്ന് കുറ്റവിമുക്തരായവര്‍

Update: 2025-07-22 06:03 GMT

മുംബൈ: പത്തൊമ്പത് വര്‍ഷത്തിനിടയില്‍ ഒരിക്കല്‍ മാത്രമാണ് സാജിദ് അന്‍സാരി ജയിലില്‍ നിന്നും പുറത്തിറങ്ങിയത്. കാന്‍സര്‍ ബാധിതയായ ഭാര്യയുടെ ചികില്‍സയ്ക്ക് വേണ്ടിയാണ് മുന്നാഴ്ച മുമ്പ് അന്‍സാരിക്ക് പരോള്‍ ലഭിച്ചിരുന്നത്. 2006ലെ മുംബൈ ട്രെയ്ന്‍ സ്‌ഫോടനങ്ങളില്‍ വിചാരണക്കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചതിനാലാണ് അന്‍സാരി ജയിലില്‍ ആയിരുന്നത്. ഇന്നലെ വീട്ടിലിരുന്ന് കേസിലെ അപ്പീല്‍ നടപടികള്‍ അദ്ദേഹം ഓണ്‍ലൈനായി നിരീക്ഷിച്ചു. '' പെട്ടെന്ന് ഞാന്‍ സ്വതന്ത്രനായ മനുഷ്യനായി.''- തന്നെയടക്കം 12 പേരെ ബോംബെ ഹൈക്കോടതി വെറുതെ വിട്ടതിനെ കുറിച്ച് അന്‍സാരി പറഞ്ഞു.

2006ല്‍ അന്‍സാരിക്ക് 29 വയസായിരുന്നു പ്രായം. മീര റോഡില്‍ മൊബൈല്‍ റിപ്പയറിങ് ഷോപ്പും ട്രെയ്‌നിങ് സെന്ററും നടത്തുകയായിരുന്നു. സ്റ്റുഡന്റ്‌സ് ഇസ്‌ലാമിക് മൂവ്‌മെന്റ് ഓഫ് ഇന്ത്യയുമായി ബന്ധപ്പെട്ട രണ്ടു കേസുകള്‍ അക്കാലത്തുണ്ടായിരുന്നു. ബോംബെയില്‍ വര്‍ഗീയ സംഘര്‍ഷങ്ങളുണ്ടാവുകയോ ഉല്‍സവങ്ങള്‍ നടക്കുകയോ ചെയ്താല്‍ പോലിസ് അന്‍സാരിയെ നിയമവിരുദ്ധമായി തടങ്കലില്‍ വയ്ക്കുമായിരുന്നു.

സാജിദ് അന്‍സാരി

ട്രെയ്‌നുകളില്‍ സ്‌ഫോടനം നടന്നപ്പോള്‍ പോലിസ് അന്‍സാരിയെ കസ്റ്റഡിയില്‍ എടുത്തു. എന്നാല്‍, ഇത്തവണ വിട്ടയച്ചില്ല. ബോംബുകള്‍ക്ക് ടൈമറുകള്‍ വാങ്ങി, ബോംബുകള്‍ കൂട്ടിയോജിപ്പിച്ചു, പണ്ടു പാകിസ്താന്‍ പൗരന്‍മാരെ ഒളിവില്‍ പാര്‍പ്പിച്ചു തുടങ്ങിയ ആരോപണങ്ങളാണ് ഉയര്‍ത്തിയത്. അന്ന് അന്‍സാരിയുടെ ഭാര്യ ഗര്‍ഭിണിയായിരുന്നു. അന്‍സാരി ജയിലില്‍ അടയ്ക്കപ്പെട്ട് മൂന്നു മാസത്തിന് ശേഷം ഒരു പെണ്‍കുട്ടി ജനിച്ചു.

വീഡിയോ കോളിലും കോടതി മുറിയിലും മാത്രമാണ് മകള്‍ പിതാവിനെ കണ്ടത്. ഇപ്പോള്‍ അവള്‍ ഡിഗ്രിക്ക് പഠിക്കുകയാണ്. 2015ല്‍ വിചാരണക്കോടതി അന്‍സാരി അടക്കം ആറു പേരെ ജീവപര്യന്തം തടവിനും മറ്റു ഞ്ചു പേരെ വധശിക്ഷയ്ക്കും വിധിച്ചു.

'' ഞാന്‍ നിരപരാധിയാണെന്ന് എനിക്കും എന്റെ വീട്ടുകാര്‍ക്കും പോലിസും വരെ അറിയാമായിരുന്നു. ജയില്‍ ജീവിതം നീളാന്‍ സാധ്യതയുണ്ടെന്ന് അറിയാമായിരുന്നു. പക്ഷേ, മോചനം സാധ്യമായിരുന്നു. സഹോദരന്‍മാര്‍ എനിക്ക് പിന്തുണ നല്‍കി.''-അന്‍സാരി പറഞ്ഞു.

പക്ഷേ, ജീവിതം തിരികെ വരില്ലെന്ന് അന്‍സാരി പറഞ്ഞു.'' എനിക്ക് ഒരു ഫോണ്‍ പ്രവര്‍ത്തിപ്പിക്കാന്‍ പോലും അറിയില്ല. സാങ്കേതിക വിദ്യ മാറി. സോഫ്റ്റ്‌വെയറുകള്‍ മാറി. എങ്ങനെയാണ് മൊബൈലുകള്‍ നന്നാക്കുക എന്ന് എനിക്ക് അറിയില്ല.''

ജയിലില്‍ കഴിയുന്ന കാലത്ത് നിയമബിരുദം നേടിയിരുന്നു. '' എല്ലാവരും നിയമത്തെ കുറിച്ച് അറിയണം. എനിക്ക് എന്റെ അവകാശത്തെ കുറിച്ച് അറിയാമായിരുന്നെങ്കില്‍ കേസ് ഇതിലും നന്നായി നടത്താമായിരുന്നു.''

സാജിദ് അന്‍സാരി ഇപ്പോള്‍ സ്വതന്ത്രനാണെങ്കിലും ബിഹാര്‍ സ്വദേശിയായ കമാല്‍ അന്‍സാരിക്ക് സ്വാതന്ത്ര്യം അനുഭവിക്കാനായില്ല. നാഗ്പൂര്‍ സെന്‍ട്രല്‍ ജയിലില്‍ അടച്ചിരുന്ന കമാല്‍ അന്‍സാരി 2021ല്‍ കോവിഡ് ബാധിച്ച് മരിച്ചു. ട്രെയ്‌നില്‍ ബോംബ് വച്ചെന്ന് ആരോപിച്ച് അദ്ദേഹത്തെ പോലിസ് പിടിച്ചു കൊണ്ടുപോവുമ്പോള്‍ തനിക്ക് ആറ് വയസ് മാത്രമായിരുന്നു പ്രായമെന്ന് മകന്‍ അബ്ദുല്ല അന്‍സാരി പറയുന്നു. '' എന്റെ പിതാവ് മുംബൈയില്‍ പോയിട്ടേയില്ല. സ്‌ഫോടനം നടക്കുന്ന കാലത്ത് അദ്ദേഹം നേപ്പാളിലായിരുന്നു.''

ബീഹാറിലെ മധുബനിയില്‍ കമാല്‍ അന്‍സാരിക്ക് തുന്നല്‍കടയുണ്ടായിരുന്നു. ജോലിക്കായി നേപ്പാളിലും പോവുമായിരുന്നു. പാകിസ്താനില്‍ ആയുധ പരിശീലനം നേടിയെന്നും നേപ്പാള്‍ വഴി രണ്ടു പാകിസ്താനി പൗരന്‍മാരെ ഇന്ത്യയിലേക്ക് കൊണ്ടുവന്നെന്നുമായിരുന്നു കമാലിന് എതിരായ ആരോപണം. ദരിദ്ര കുടുംബമായതിനാല്‍ മുംബൈയില്‍ പോയി കമാലിനെ കാണാന്‍ കുടുംബത്തിന് സാധിക്കുമായിരുന്നില്ല. 2017ലാണ് മകന്‍ അവസാനം പിതാവിനെ കണ്ടത്. ഇന്നലെ ഹൈക്കോടതി കമാലിനെ മരണാനന്തരം കുറ്റവിമുക്തനായി പ്രഖ്യാപിച്ചു.

ഒരു കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ സിവില്‍ എഞ്ചിനീയറായി ജോലി ചെയ്തിരുന്ന ആസിഫ് ഖാന് 2006ല്‍ 32 വയസായിരുന്നു പ്രായം. ബോറിവല്ലിയില്‍ ട്രെയ്‌നില്‍ ബോംബ് വച്ചെന്നായിരുന്നു ആസിഫ് ഖാനെതിരായ ആരോപണം. മീര റോഡില്‍ രണ്ടു പാകിസ്താനികളെ പാര്‍പ്പിച്ചെന്നും ആരോപണം വന്നു. 2015ല്‍ വിചാരണക്കോടതി ആസിഫ് ഖാനെ വധശിക്ഷയ്ക്ക് വിധിച്ചു. പൂനെയിലെ യെര്‍വാദ ജയിലിലെ വധശിക്ഷ തടവുകാരുടെ യാര്‍ഡിലായിരുന്നു അടച്ചുപൂട്ടിയത്. അവന്റെ യുവത്വം മുഴുവന്‍ ജയിലില്‍ തീര്‍ന്നുവെന്ന് സഹോദരന്‍ അനീസ് അഹമദ് പറയുന്നു. ഭര്‍ത്താവ് ജയിലില്‍ അയപ്പോള്‍ ഭാര്യ ജല്‍ഗോണിലെ സ്വന്തം കുടുംബത്തിലേക്ക് പോയി. സമുദായത്തിലെ ചിലരാണ് കുട്ടികളെ പഠിപ്പിച്ചത്. അവിടെ നിന്നാണ് ഭാര്യ കേസിന്റെ കാര്യങ്ങള്‍ ചെയ്തത്.

ആസിഫ് ഖാന്

നിരവധി തീവ്രവാദികളെ പാകിസ്താനില്‍ നിന്നും കൊണ്ടുവന്നു എന്നതായിരുന്നു മുംബൈയിലെ ശിവാജി നഗറിലെ ചേരിയില്‍ താമസിച്ചിരുന്ന മുഹമ്മദ് അലിക്കെതിരായ ആരോപണം. തന്റെ കുടിലില്‍ നിരവധി പേര്‍ എങ്ങനെ താമസിക്കുമെന്ന് മുഹമ്മദ് അലി ചോദിക്കുന്നു. ജയിലില്‍ ആയിരുന്ന കാലത്ത് മുഹമ്മദ് അലിയുടെ പിതാവും സഹോദരനും മരിച്ചിരുന്നു. മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ പോലും സാധിച്ചില്ല.

യുനാനി ഡോക്ടര്‍മാര്‍ക്ക് മരുന്നു വില്‍ക്കുന്ന ജോലിയായിരുന്നു മുഹമ്മദ് അലിയുടേത്. അറസ്റ്റ് ചെയ്യപ്പെടുന്ന സമയത്ത് മകള്‍ ഫര്‍സാന ഏഴാം ക്ലാസിലായിരുന്നു. മക്കളാരും ആഗ്രഹിച്ചതൊന്നും പഠിക്കാന്‍ കഴിയാതെ ചെറിയ ജോലികള്‍ ചെയ്താണ് ജീവിക്കുന്നത്.

വിവരാവകാശ നിയമവും കേസും

വിവരാവകാശ നിയമം വ്യാപകമായി ഉപയോഗിച്ചത് കേസില്‍ ഗുണകരമായെന്ന് മറ്റൊരു കുറ്റാരോപിതനായ 2015ല്‍ വിചാരണക്കോടതി തന്നെ വെറുതെവിട്ട വാഹിദ് ശെയ്ഖ് പറഞ്ഞു. കേസില്‍ പ്രതിഭാഗം ഹാജരാക്കിയ രേഖകളില്‍ ഭൂരിഭാഗവും വിവരാവകാശ നിയമപ്രകാരമുള്ള രേഖകളായിരുന്നു. 2007ല്‍ പോലിസ് കുറ്റപത്രം നല്‍കിയപ്പോള്‍ തന്നെ വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷകളും നല്‍കി തുടങ്ങിയിരുന്നു. വിചാരണക്കോടതി വധശിക്ഷയ്ക്ക് വിധിച്ച ഇതേഷാം സിദ്ധീഖിയായിരുന്നു അതില്‍ മുന്നില്‍. ഇസ്‌ലാമിക് പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കലായിരുന്നു സിദ്ധീഖിയുടെ ജോലി.

ചര്‍ച്ച് ഗേറ്റ് റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് വിരാറിലേക്ക് പോവുന്ന ട്രെയ്‌നില്‍ രണ്ടു പേര്‍ കയറുന്നത് കണ്ടെന്നും അതില്‍ ഒരാള്‍ സിദ്ധീഖിയാണെന്നുമായിരുന്നു പ്രോസിക്യൂഷന്റെ 74ാം സാക്ഷി പറഞ്ഞിരുന്നത്. താന്‍ ഹുതാംത ചൗക്കിലെ ഇഎന്‍ടി ആശുപത്രിയില്‍ പോയി ബാബന്‍ കാംബ്ലെ എന്ന രോഗിയെ കണ്ടെന്നും അവിടെ നിന്നാണ് സ്‌റ്റേഷനില്‍ എത്തിയതെന്നും സാക്ഷി പറഞ്ഞിരുന്നു. എന്നാല്‍, അന്നേ ദിവസം ആശുപത്രിയില്‍ അങ്ങനെയൊരു രോഗി എത്തിയിരുന്നില്ലെന്നാണ് വിവരാവകാശ നിയമപ്രകാരം ആശുപത്രിയില്‍ നിന്നും ലഭിച്ച രേഖകള്‍ പറയുന്നത്. മാത്രമല്ല, സ്‌ഫോടനം കഴിഞ്ഞ് 100 ദിവസത്തിന് ശേഷമാണ് ഈ സാക്ഷി പോലിസിന് മൊഴി നല്‍കുന്നത്. ഇഎന്‍ടി ആശുപത്രിയില്‍ പോവുന്നതിന് മുമ്പില്‍ ബാങ്കില്‍ പോയി സുഹൃത്തായ ബാങ്ക് ജീവനക്കാരനെ കണ്ടെന്നും സാക്ഷി മൊഴി നല്‍കിയിരുന്നു. പക്ഷേ, ബാങ്കില്‍ അങ്ങനെയൊരു ജീവനക്കാരനില്ലെന്ന് ബാങ്കും അറിയിച്ചു. ഈ സാക്ഷി മറ്റു നാലു കേസുകളിലും പോലിസ് സാക്ഷിയായിരുന്നു. ഇയാള്‍ പോലിസിന്റെ സ്ഥിരം സാക്ഷിയാണെന്ന് ഇത് ബോധ്യപ്പെടുത്തി.

തങ്ങള്‍ ജയിലില്‍ കിടക്കുന്ന കാലത്ത് അവിടെയുണ്ടായിരുന്ന മറ്റൊരു തടവുകാരനാണ് വിവരാവകാശ നിയമം ഉപയോഗിക്കാന്‍ ശുപാര്‍ശ ചെയ്തതെന്ന് വാഹിദ് ശെയ്ഖ് പറയുന്നു. താന്‍ ജയിലില്‍ ആയതിനാല്‍ തന്നെ ദാരിദ്ര്യരേഖയ്ക്ക് കീഴിലുള്ള ആളായി കണക്കാക്കണമെന്നും വിവരാവകാശ നിയമപ്രകാരമുള്ള ഫീസ് ഈടാക്കരുതെന്നും ആവശ്യപ്പെട്ട് ഇതേഷാം സിദ്ധീഖി കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. ഇത് കോടതി അംഗീകരിച്ചു. നിയമം ഉപയോഗിച്ച്, കേസില്‍ പോലിസ് ഹാജരാക്കാതിരുന്ന കോള്‍ റെക്കോര്‍ഡ്‌സ് വരുത്തിച്ചു. കോള്‍ റെക്കോര്‍ഡ് ഇല്ലാത്തതിനാല്‍ ന്യായമായ വിചാരണ നടന്നില്ലെന്ന് അഭിഭാഷകനായ യുഗ് ചൗധുരി കോടതിയില്‍ വാദിക്കുകയും ചെയ്തു. കോള്‍ റെക്കോര്‍ഡ് നല്‍കാതിരിക്കാന്‍ മഹാരാഷ്ട്ര ഭീകരവിരുദ്ധ സേന മഹാനഗര്‍ ടെലഫോണ്‍ നിഗം ലിമിറ്റഡ്(എംടിഎന്‍എല്‍) കമ്പനിയില്‍ സ്വാധീനം ചെലുത്തിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കോള്‍ ഡീറ്റയില്‍സ് കൈവശമുള്ള പോലിസ് അവ കുറ്റപത്രത്തില്‍ ഉപയോഗിച്ചെങ്കിലും തെളിവായി ഹാജരാക്കിയില്ലെന്ന് ഹൈക്കോടതിയും കണ്ടെത്തി.