ബംഗ്ലാദേശിയെന്ന് ആരോപണം; പശ്ചിമബംഗാള്‍ സ്വദേശിയെ ഒഡീഷയില്‍ തല്ലിക്കൊന്നു
ഭുവനേശ്വര്‍: ബംഗ്ലാദേശിയെന്ന് ആരോപിച്ച് പശ്ചിമബംഗാള്‍ സ്വദേശിയെ ഹിന്ദുത്വ സംഘം തല്ലിക്കൊന്നു. ഒഡീഷയിലെ സംഭാല്‍പൂരിലാണ് സംഭവം. പശ്ചിമബംഗാളിലെ മുര്‍ഷിദാബാദ് സ്വദേശിയായ ജെവല്‍ ശെയ്ഖ് (19) ആണ് കൊല്ലപ്പെട്ടത്. മൂന്നുവര്‍ഷം മുമ്പാണ് ഷെയ്ഖ് സംഭാല്‍പൂരിലേക്ക് പോയതെന്നും അവിടെ നിര്‍മാണത്തൊഴിലാളിയായി പ്രവര്‍ത്തിക്കുകയായിരുന്നുവെന്നും കുടുംബം പറഞ്ഞു. ഡിസംബര്‍ 24ന് അഞ്ച്-ആറ് പേര്‍ മുറിയില്‍ എത്തി മതം ചോദിച്ച ശേഷമായിരുന്നു ആക്രമണം. മറ്റു രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
ബംഗാളി സംസാരിക്കുന്ന തൊഴിലാളികള്‍ക്കെതിരേ വിദ്വേഷം ജനിപ്പിക്കുകയാണ് ബിജെപി ചെയ്യുന്നതെന്നും അതിന്റെ പ്രത്യാഘാതമാണ് ഈ കൊലപാതകമെന്നും തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ ചൂണ്ടിക്കാട്ടി. കേസില്‍ ആറു പേരെ ഇതുവരെ അറസ്റ്റ് ചെയ്‌തെന്നും മൃതദേഹം നാട്ടിലെത്തിക്കാന്‍ ശ്രമം നടത്തുന്നതായും തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എ ഇമാമി ബിശ്വാസ് പറഞ്ഞു.
ബംഗ്ലാദേശിയെന്ന് ആരോപിച്ച് ആളുകളെ തല്ലിക്കൊല്ലുന്ന ഈ രണ്ടാഴ്ച്ചയിലെ രണ്ടാമത്തെ സംഭവമാണ് ഇത്. കേരളത്തിലെ പാലക്കാട് ജില്ലയിലെ വാളയാറില്‍ ഡിസംബര്‍ 17ന് ഛത്തീസ്ഗഡ് സ്വദേശിയായ രാം നാരായനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നിരുന്നു.