മലപ്പുറം: ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഭൂമിക്കടിയില്‍ നിന്നും വലിയ ശബ്ദവും നേരിയ പ്രകമ്പനവും അനുഭവപ്പെട്ടതായി റിപോര്‍ട്ടുകള്‍. ഇന്നലെ രാത്രി വൈകിയാണ് സംഭവങ്ങള്‍. വിവിധ മേഖലകളില്‍ ജനങ്ങള്‍ പരിഭ്രാന്തരായി വീടുകളില്‍ നിന്നും പുറത്തിറങ്ങി. വേങ്ങര, കോട്ടക്കല്‍, പുതുപ്പറമ്പ്, കോഴിച്ചെന, ഊരകം, ആട്ടിരി, മറ്റത്തൂര്‍, ക്ലാരി സൗത്ത്, മൂച്ചിക്കല്‍, സ്വാഗതമാട് എന്നിവിടങ്ങളില്‍ പ്രശ്‌നം അനുഭവപ്പെട്ടുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഭൂചലനം സ്ഥിരീകരിച്ചുകൊണ്ടുള്ള അറിയിപ്പുകള്‍ നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജിയില്‍ (NCS) നിന്നോ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയില്‍ (KSDMA) നിന്നോ ഇതുവരെ ലഭ്യമായിട്ടില്ല.