''മുദ്രാവാക്യങ്ങള്‍ നടപ്പാക്കാന്‍ പരിമിതിയുണ്ട്, ഇത് അന്തരാളഘട്ടം'' : എം വി ഗോവിന്ദന്‍

Update: 2025-10-24 11:25 GMT

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയോടു കടുത്ത എതിര്‍പ്പുണ്ടെന്നും എന്നാല്‍ കേന്ദ്ര ഫണ്ട് കിട്ടുന്നത് ഒഴിവാക്കാന്‍ കഴിയില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. പണം നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഉന്നയിക്കുന്ന നിബന്ധനകളെ സിപിഎം എക്കാലത്തും ശക്തമായി എതിര്‍ക്കുകയാണെന്നും എം വി ഗോവിന്ദന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

പിഎം ശ്രീ പദ്ധതിയില്‍ ഒപ്പുവച്ചത് ഭരണപരമായ കാര്യമാണ്. ഇടതു മുന്നണിയുടെ നയം നടപ്പാക്കുന്ന സര്‍ക്കാരാണിതെന്ന് തെറ്റിധരിക്കരുത്. സിപിഎം ഉയര്‍ത്തുന്ന പല മുദ്രാവാക്യങ്ങളും നടപ്പാക്കുമ്പോള്‍ ഭരണപരമായി വലിയ പരിമിതികളുണ്ട്. ഈ അന്തരാളഘട്ടത്തെ ഏതു തരത്തില്‍ പരിഹരിക്കാന്‍ കഴിയുമെന്നു നോക്കും. ആര്‍എസ്എസ് അജന്‍ഡ കേരളത്തില്‍ നടപ്പാക്കാന്‍ അനുവദിക്കില്ലെന്നും ഗോവിന്ദന്‍ പറഞ്ഞു.

''മുഖ്യമന്ത്രി വന്നതിനു ശേഷം ചര്‍ച്ചകള്‍ നടത്തും. നിബന്ധനകള്‍ വയ്ക്കുന്ന കേന്ദ്ര സര്‍ക്കാരിനെ എതിര്‍ക്കുന്ന നിലപാടില്‍ മാറ്റമില്ല. എന്നാല്‍ പിഎം ശ്രീ ഉള്‍പ്പെടെ കേന്ദ്രം കേരളത്തിനു നല്‍കേണ്ട പദ്ധതികളുടെ പണം ലഭിക്കണമെന്ന കാര്യത്തില്‍ സിപിഎമ്മിനു തര്‍ക്കമില്ല. എന്നാല്‍ അതിനു വലിയ നിബന്ധനകള്‍ വച്ച് ഇപ്പോഴത്തെ കേന്ദ്ര സര്‍ക്കാര്‍ കേരളത്തിനു തരാതിരിക്കുകയാണ്. 8,000 കോടി രൂപയാണ് ഇത്തരത്തില്‍ തരാതിരിക്കുന്നത്. പിഎം ശ്രീ ഉള്‍പ്പെടെ ഓരോ മേഖലയിലും ഇത്തരത്തില്‍ നിബന്ധനകള്‍ വയ്ക്കുകയാണ്. അതിനെയാണ് സിപിഎം എതിര്‍ക്കുന്നത്.''- എം വി ഗോവിന്ദന്‍ വിശദീകരിച്ചു.