കണ്ണൂരില്‍ 455 പ്രശ്‌നബൂത്തുകളുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗം

Update: 2025-11-12 03:46 GMT

കണ്ണൂര്‍: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ കണ്ണൂര്‍ ജില്ലയിലെ 455 ബൂത്തുകളില്‍ പ്രശ്‌നസാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗം. അതിസുരക്ഷാ പ്രശ്‌നങ്ങളുള്ള ബൂത്തുകളില്‍ ബാരിക്കേഡ് കെട്ടി അര്‍ധസൈനികരെ വിന്ന്യസിപ്പിക്കണമെന്നും രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. കള്ളവോട്ടും സംഘര്‍ഷവും തടയാന്‍ കൂടുതല്‍ പോലിസിനെ വിന്യസിക്കണം. കള്ളവോട്ടുകള്‍, സമ്മര്‍ദം ചെലുത്തി വോട്ട് ചെയ്യിപ്പിക്കല്‍ തുടങ്ങിയ ക്രമക്കേടുകള്‍ നടക്കുന്ന പ്രശ്‌നബാധിത ബൂത്തുകള്‍ ജില്ലയിലുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിനുപുറമേ, ഒരു സ്ഥാനാര്‍ഥിക്കുതന്നെ പോള്‍ ചെയ്യുന്ന വോട്ടുകളുടെ ഭൂരിഭാഗം വോട്ടുകള്‍ ലഭിക്കുന്ന ബൂത്തുകളിലും ഇത്തവണ കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്തും.

കണ്ണൂര്‍, വടകര, കാസര്‍കോട് ലോക്സഭാ മണ്ഡലങ്ങളില്‍പ്പെടുന്ന ചില നിയമസഭാ മണ്ഡലങ്ങളിലാണ് അതിപ്രശ്‌നസാധ്യതാ ബുത്തുകളുള്ളത്. വടകര, പയ്യന്നൂര്‍, തലശ്ശേരി, കൂത്തുപറമ്പ്, പയ്യന്നൂര്‍, തളിപ്പറമ്പ്, ഇരിക്കൂര്‍, പേരാവൂര്‍ എന്നീ നിയമസഭാമണ്ഡലങ്ങളിലെ ബുത്തുകളില്‍ ദ്രുതകര്‍മസേനയെയും സിആര്‍പിഎഫിനെയും നിയോഗിക്കും. മാവോവാദിഭീഷണി നേരിടുന്ന 30-ഓളം ബൂത്തുകളിലും പ്രത്യേക നിരീക്ഷണമുണ്ടാകും.