പോലിസ് സ്‌റ്റേഷനും കമ്മീഷണര്‍ ഓഫീസും ബോംബെറിഞ്ഞ് തകര്‍ക്കുമെന്ന് ഭീഷണി; തീക്കാറ്റ് സാജന്‍ പിടിയില്‍
തൃശ്ശൂര്‍: ആവേശം സിനിമയിലെ പോലെ പിറന്നാള്‍ ആഘോഷിക്കുന്നത് തടഞ്ഞതിനാല്‍ പോലിസ് സ്‌റ്റേഷനും കമ്മീഷണര്‍ ഓഫീസും ബോംബ് വെച്ച് തകര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തിയ സാജന്‍ എന്ന തീക്കാറ്റ് സാജന്‍ പിടിയില്‍. തെലങ്കാനയിലെ ഹൈദരാബാദില്‍ നിന്നാണ് സൈബര്‍സെല്ലിന്റെ സഹായത്തോടെ ഇയാളെ പിടികൂടിയത്. മൂന്നു കൊലപാതകം അടക്കം 12 കേസുകളില്‍ പ്രതിയാണ് പുത്തൂര്‍ സ്വദേശിയായ സാജന്‍.
2024 ജൂലൈ ഏഴിനാണ് പിറന്നാള്‍ ആഘോഷവുമായി ബന്ധപ്പെട്ട സംഭവങ്ങളുണ്ടായത്. തൃശൂരിലെ പ്രശസ്തമായ തേക്കിന്‍കാട് മൈതാനത്തായിരുന്നു ആഘോഷ പരിപാടികള്‍ നടത്താന്‍ സാജനും സംഘവും തീരുമാനിച്ചിരുന്നത്. ആവേശം സിനിമയിലെ പോലെ സാജന്‍ അനുയായികള്‍ക്കിടിയിലേക്കെത്തി കേക്ക് മുറിക്കുന്നതിന്റെ റീല്‍സ് എടുത്ത് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയായിരുന്നു ലക്ഷ്യം.
എന്നാല്‍, സാജനെത്തും മുമ്പ് തന്നെ പ്രായപൂര്‍ത്തിയാവാത്ത കുട്ടികളുള്‍പ്പെടെ 32 പേരെ പോലിസ് കസ്റ്റഡിയില്‍ എടുത്തു. പക്ഷേ, സാജന്‍ രക്ഷപ്പെട്ടു. പ്രായപൂര്‍ത്തിയാകാത്തവരെ താക്കീത് നല്‍കിയശേഷം രക്ഷിതാക്കള്‍ക്കൊപ്പം വിട്ടയച്ചെങ്കിലും ക്രിമിനല്‍ പശ്ചാത്തലമുള്ള 16 പേരെ പോലിസ് അറസ്റ്റ് ചെയ്തു. ഇതേതുടര്‍ന്ന് അനുയായികളെ വിട്ടയച്ചില്ലെങ്കില്‍ പോലീസ് സ്‌റ്റേഷനും കമ്മിഷണര്‍ ഓഫീസും ബോംബ് വെച്ച് തകര്‍ക്കുമെന്ന് സാജന്‍ പോലിസിനെ ഭീഷണിപ്പെടുത്തുകയായിരുന്നു. ഇതിനു പിന്നാലെയാണ് സാജന്‍ ഒളിവില്‍ പോയത്.